യുഎഇയില്‍ പെട്രോള്‍ വിലയില്‍ വര്‍ദ്ധന. ലീറ്ററിന് ആറ് ഫില്‍സ് വരെയാണ് വര്‍ദ്ധന. ഡീസലിന്റെ വിലയില്‍ കുറവും പ്രഖ്യാപിച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി പ്രാബല്യത്തില്‍ വരും. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില വര്‍ദ്ധിച്ചതിന് പിന്നാലെയാണ് യുഎഇ പ്രാദേശിക വിപണിയില്‍ പെട്രോള്‍ വിലയില്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. സൂപ്പര്‍തൊണ്ണൂറ്റിയെട്ട് പെട്രോളിന് ലീറ്ററിന് ആറ് ഫില്‍സ് ആണ് അടുത്ത മാസം വര്‍ദ്ധിക്കുക.
2.82 ഫില്‍സില്‍ നിന്നും 2.88 ഫില്‍സ് ആയി സൂപ്പര്‍ തൊണ്ണൂറ്റിയെട്ടിന്റെ വില വര്‍ദ്ധിക്കും. സ്‌പെഷ്യല്‍ തൊണ്ണൂറ്റിയഞ്ചിന്റെ വില 2 ദിര്‍ഹം 71 ഫില്‍സില്‍ നിന്നും രണ്ട് ദിര്‍ഹം എഴുപത്തിയാറ് ഫില്‍സായി അടുത്ത മാസം കൂടും. ഇപ്ലസിനും ഫെബ്രുവരിയില്‍ ലീറ്ററിന് അഞ്ച് ഫില്‍സ് വര്‍ദ്ധിക്കും. അതെസമയം ഡീസലിന്റെ വില മൂന്ന് ദിര്‍ഹത്തില്‍ നിന്നും രണ്ട് ദിര്‍ഹം തൊണ്ണൂറ്റിയൊന്‍പത് ഫില്‍സായി കുറച്ചു. പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ വില കുറച്ചതിന് ശേഷം ആണ് വീണ്ടും വര്‍ദ്ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ തൊണ്ണൂറ്റിയെട്ടിന്റെ വില 3.44 ദിര്‍ഹം വരെ ഉയര്‍ന്നിരുന്നു.
യുഎഇ ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിര്‍ണ്ണയസമിതിയാണ് അസംസ്‌കൃത എണ്ണവിലയുടെ അടിസ്ഥാനത്തില്‍ പ്രതിമാസനിരക്കുകള്‍ പ്രഖ്യാപിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില എണ്‍പത് ഡോളറിന് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ചെങ്കടലില്‍ യെമനിലെ ഹൂത്തി വിമതര്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് എണ്ണവില വര്‍ദ്ധനയ്ക്ക് കാരണം