യുഎഇ ദേശീയദിനം പ്രമാണിച്ച് വിവിധ എമിറേറ്റുകളിലെ ജയിലുകളില്‍ നിന്ന് 1018 തടവുകാരെ മോചിപ്പിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവിട്ടത്. 1249 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും നിര്‍ദ്ദേശം നല്‍കി
യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും തടവുകാര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കാറുണ്ട്. 52മത് ദേശീയദിനത്തിന്റെ ഭാഗമായി വിവിധ എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന 1018 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. തെറ്റുകളില്‍ പശ്ചാത്തപിച്ച് കുടുംബത്തോടൊപ്പം പുതുജീവിതം തുടങ്ങാനുള്ള അവസരമാണ് തടവുകാര്‍ക്ക് ലഭിക്കുന്നത്. മലയാളികളടക്കം വിവിധ രാജ്യക്കാര്‍ക്ക് മോചനം ലഭിക്കും.
ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരും തടവുകാലത്ത് നല്ല നടപ്പിന് വിധേയരായവരെയുമാണ് മോചനത്തിന് പരിഗണിച്ചത്. അജ്മാനില്‍ നിന്ന് 143 തടവുകാരെ മോചിപ്പിക്കുമെന്ന് സുപ്രീംകൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി അറിയിച്ചു.