മഴയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക ക്ലൗഡ് സീഡിംഗ് ദൗത്യത്തിന് അടുത്തയാഴ്ച്ച തുടക്കമാകുമെന്ന് യുഎഇ ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വിവിധ ക്ലൗഡ് സീഡിംഗ് രീതികളുടെ കാര്യക്ഷമത വിലയിരുത്തുന്നത് കൂടി ലക്ഷ്യമിട്ടാണ് പ്രത്യേക ദൗത്യം.
അടുത്തയാഴ്ച ആരംഭിച്ച് സെപ്റ്റംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന പ്രത്യേക ക്ലൗഡ് സീംഡിംഗ് ദൗത്യം ആണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം നടപ്പാക്കുന്നത്.
അലൈന്‍ രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക ദൗത്യം. ക്ലൗഡ് സീഡിംഗിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാര്യക്ഷമത ദേശീയകാലാവസ്ഥാ കേന്ദ്രത്തിലെ ഗവേഷകര്‍ പ്രത്യേക ദൗത്യത്തിനിടയില്‍ പരിശോധിച്ച് ഉറപ്പാക്കും. ക്ലൗഡ് സീഡിംഗ് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പരിശോധന. സെന്‍സറുകള്‍ ഘടിപ്പിച്ച പ്രത്യേക ക്ലൗഡ് സീഡിംഗ് വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക.
1990-കള്‍ മുതല്‍ യുഎഇ ക്ലൗഡ് സീഡിംഗ് നടത്തുന്നുണ്ട്. മഴമേഘങ്ങള്‍ രൂപപ്പെടുമ്പോള്‍ ആണ് ക്ലൗഡ് സീംഡിംഗ് നടപ്പാക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മുതലുള്ള കാലായളവില്‍ 22 തവണയാണ് യുഎഇ ക്ലൗഡ് സീഡിംഗ് നടത്തിയത്.