യുഎഇയില്‍ വാരാന്ത്യം വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് പുലര്‍ച്ചെ മുതല്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ മഴ അനുഭവപ്പെടുന്നുണ്ട്. ഏഴ് എമിറേറ്റുകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് പുലര്‍ച്ചെ ലഭിച്ച മഴ വിവിധ എമിറേറ്റുകളിലായി പെയ്തിറങ്ങുകയാണ്. റാസല്‍ഖൈമയിലാണ് പുലര്‍ച്ചെ മഴ ആരംഭിച്ചത്. ഷവ്ക്ക, ദയ, റാസല്‍ഖൈമ വിമാനത്താവളം എന്നിവിടങ്ങളിവും വിവിധ ഉള്‍പ്രദേശങ്ങളിലും മഴ അനുഭവപ്പെട്ടു. അബുദബിയില്‍ ഖലീഫ സിറ്റി ശക്തമായ മഴ ലഭിച്ചു.
മുസഫ, അല്‍ മിര്‍ഫ, ഹബ്ഷാന്‍, അല്‍ അബിയാദ് ഐലന്റ്, അല്‍ ദഫ്ര, ഷെയ്ഖ് ഖലീഫ ബിന്‍ ഇന്റര്‍നാഷണല്‍ റോഡ്, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, എന്നിവിടങ്ങളില്‍ മഴ പെയ്തിറങ്ങി. ഫുജൈറയില്‍ അല്‍ ബാഹ്, വിമാനത്താവളം, ഷാര്‍ജയില്‍ വിമാനത്താവളം, ദെയ്ദ്, അല്‍ ഷീസ്, എന്നിവിടങ്ങളില്‍ ഇന്ന് മഴ ലഭിച്ചു. ദുബൈ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ മിതമായ മഴ ലഭിച്ചു. ഉംഅല്‍ഖുവൈനില്‍ ഫലാജ് അല്‍ മുഅല്ല, യാബ്‌സ, ദിബ്ബ, അല്‍ ഹന്യഹ് എന്നിവിടങ്ങളാണ് ഇന്ന് മഴ പെയ്തത്. പുലര്‍ച്ച അറേബ്യന്‍ കടലില്‍ അനുഭവപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് വിവിധ എമിറേറ്റുകളില്‍ മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മഴയുടെ പശ്ചാത്തലത്തില്‍ ഏഴ് എമിറേറ്റുകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. അബുദബി, ഫുജൈറ എമിറേറ്റുകളുടെ ചില മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മഴയെ തുടര്‍ന്ന് രാജ്യത്ത് താപനില വീണ്ടും കുറഞ്ഞു. 11.1 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്