യുഎഇയില്‍ സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 206.75 ദിര്‍ഹം ആണ് നിലവില്‍ വില. സ്വര്‍ണ്ണവില കുറഞ്ഞതോടെ ആഭരണങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന വന്നുവെന്നാണ് ജുവലറികള്‍ വ്യക്തമാക്കുന്നത്.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് യുഎഇയുടെ ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണവില കുറയുന്നത്. ഒരാഴ്ച്ചക്കിടയില്‍ മാത്രം ഗ്രാമിന് അഞ്ച് ദിര്‍ഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സ്വര്‍ണ്ണവില ഏഴ് മാസത്തിനിടയിലെ താഴ്ന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 6767.48 ദിര്‍ഹം ആയിട്ടാണ് കുറഞ്ഞിരിക്കുന്നത്. ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 223.25 ദിര്‍ഹം ആണ് നിലവില്‍ വില. സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത് വിപണിയില്‍ ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. ആഭരണം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിപ്പെടുന്നതാണ് സ്വര്‍ണ്ണത്തിന് തിരിച്ചടിയാകുന്നത്.