യുഎഇയില്‍ ആകാശടാക്‌സി സര്‍വീസിനുള്ള പ്രവര്‍ത്തന ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് അമേരിക്കന്‍ കമ്പനിയായ ജോബി ഏവിയേഷന്‍. യുഎഇയില്‍ ആകാശ ടാക്‌സി ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യ കമ്പനിയാണ് ജോബി ഏവിയേഷന്‍. അടുത്ത വര്‍ഷം ആദ്യ യുഎഇയില്‍ ആകാശ ടാക്‌സി സര്‍വീസ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടിക്കാണ് ജോബി ഏവിയേഷന്‍ ആകാശ ടാക്‌സി സര്‍വീസിനുള്ള പ്രവര്‍ത്തനാനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചത്.ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി ഡയറക്ടര്‍ ജനറല്‍ സയിഫ് മുഹമ്മദ് അല്‍ സുവൈദിക്ക് ജോബി ഏവിയേഷന്‍ സ്ഥാപകനും സി.ഇ.ഒയുമായ ജോബെന്‍ ബെവിര്‍ട്ട് ആണ് അപേക്ഷ കൈമാറിയത്. പ്രവര്‍ത്തനാനുമതിക്കായി അഞ്ച് ഘട്ടങ്ങളിലായുള്ള അപേക്ഷാ നടപടിക്രമങ്ങള്‍ ആണ് ജോബി ഏവിയേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. ജോബി ഏവിയേഷന്റെ യുഎഇയിലെ സംവിധാനങ്ങളുടെ പരിശോധനയും പൈലറ്റുമാരുടെ പരിശീലനവും പരീക്ഷണവും അടക്കമുള്ളതാണ് ഘട്ടങ്ങള്‍.
ഒരു പൈലറ്റിനും നാല് യാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന ആകാശ ടാക്‌സിയാണ് ജോബി ഏവിയേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. മണിക്കൂറില്‍ ഇരുനൂറ് മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ജോബി ഏവിയേഷന്‍ വികസിപ്പിച്ചരിക്കുന്ന ആകാശ ടാക്‌സി. ദുബൈയിലെ വിവിധ കേന്ദ്രങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്നതിനാണ് തീരുമാനം. ദുബൈ രാജ്യാന്തര-വിമാനത്താവളത്തില്‍ നിന്നും പത്ത് മിനുട്ടുകള്‍ക്കുള്ളില്‍ എത്താന്‍ കഴിയും എന്നാണ് ജോബി ഏവിയേഷന്‍ വ്യക്തമാക്കുന്നത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ച്ചര്‍ ഏവിയേഷനും യുഎഇയില്‍ ആകാശടാക്‌സി ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.