അബുദബി: യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ദേശീയ തിരഞ്ഞെടുപ്പ് കമ്മറ്റി അംഗീകരിച്ചു. നാഷണല്‍ ഫെഡറല്‍ കൗണ്‍സിലില്‍ 20 അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. പത്രികാസമര്‍പ്പണം പൂര്‍ത്തിയായതോടെ 309 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനുള്ളത്. സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ദേശീയ തിരഞ്ഞെടുപ്പ് കമ്മറ്റി അംഗീകരിച്ചു. ഓഗസ്റ്റ് 26 മുതല്‍ 28 വരെയായിരുന്നു അപ്പീല്‍ കാലാവധി. തുടര്‍ന്നാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. അബുദാബി, ദുബൈ എമിറേറ്റുകളില്‍ നാല് വീതം സീറ്റുകളും ഷാര്‍ജ, റാസല്‍ഖൈമ എമിറേറ്റുകളില്‍ മൂന്ന് വീതം സീറ്റുകളും അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളില്‍ രണ്ട് സീറ്റുകള്‍ വീതമാണ് നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ 41 ശതമാനം സ്ത്രീകളും 59 ശതമാനം പുരുഷന്മാരുമാണുള്ളത്. സ്ത്രീകളില്‍ ഭൂരിഭാഗവും 36 വയസ്സിനു മുകളില്‍ പ്രയാമുള്ളവരാണ്.
അബുദബിയില്‍ 118 പേരും, ദുബൈയില്‍ 57 പേരും, ഷാര്‍ജയില്‍ 50 പേരും, അജ്മാനില്‍ 21 പേരും, റാസല്‍ഖൈമയില്‍ 14 ഉം, ഉമല്‍ഖുവൈനില്‍ 14 പേരും, ഫുജൈറയില്‍ 15 പേരുമാണ് സ്ഥാനാര്‍ത്ഥികളായുള്ളത്. തെരഞ്ഞെടുപ്പിന്റെ വിജയം ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്താന്‍ കമ്മിറ്റി തീരുമാനിച്ചതായി എഫ്എന്‍സി കാര്യ സഹമന്ത്രിയും എന്‍ഇസി ചെയര്‍മാനുമായ അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് പറഞ്ഞു. 2023ലെ എഫ്എന്‍സി തിരഞ്ഞെടുപ്പിനുള്ള എക്‌സിക്യൂട്ടീവ് നിര്‍ദ്ദേശങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ പാലിക്കണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അല്‍ ഒവൈസ് പറഞ്ഞു. സെപ്റ്റംബര്‍ 11ന് ആരംഭിച്ച് 23 ദിവസം നീണ്ടുനില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 ആയിരിക്കും സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.