യുഎഇയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച ബ്ലാക്ക് പോയിന്റുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതിയുമായി ആഭ്യന്തരമന്ത്രാലയം.
ഗതാഗതനിയമം കൃത്യമായി പാലിച്ച് വാഹനം ഓടിച്ച് ബ്ലാക്ക് പോയിന്റെ കുറയ്ക്കുന്നതിനുള്ള പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.ആക്‌സിഡന്റ് ഫ്രീ ഡേ എന്ന പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഗതാഗതബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് ബ്ലാക്ക് പോയിന്റുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള അവസരം യുഎഇ ആഭ്യന്തരമന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
നാല് ബ്ലാക്ക് പോയിന്റ് ആണ് ഒഴിവാക്കാന്‍ കഴിയുക.ഓഗസ്റ്റ് ഇരുപത്തിയാറ് മുതല്‍ ഗതാഗതനിയമലംഘങ്ങള്‍ ഇല്ലാതെ വാഹനം ഓടിക്കുന്നവരുടെ നാല് ബ്ലാക്ക് പോയിന്റാണ് ഇളവ് ചെയ്യുക. ബ്ലാക്ക് പോയിന്റ് ഒഴിവാക്കിക്കിട്ടുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ട്രാഫിക് പ്രതിജ്ഞയിലും ഒപ്പുവെയ്ക്കണം. ഓഗസ്റ്റ് ഇരുപത്തിയാറ് മുതല്‍ രണ്ടാഴ്ച്ചക്കാലം ആണ് ഈ ക്യാമ്പയിന്‍ നീണ്ടുനില്‍ക്കുക എന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മധ്യവേനലവധി കഴിഞ്ഞ രാജ്യത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് ആഭ്യന്തരമന്ത്രാലയം പുതിയ ട്രാഫിക് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.
സ്‌കൂളുകള്‍ തുറക്കുമ്പോള്‍ നിരത്തുകളില്‍ വാഹനത്തിരക്ക് വര്‍ദ്ധിക്കുന്നത് പരിഗണിച്ചാണ് ക്യാമ്പയിന്‍. ഉത്തരവാദിത്തത്തോടെയുള്ള ഡ്രൈവറിംഗ് പരിശീലിപ്പിക്കുന്നതിനാണ് ബോധവത്കരണ ക്യാമ്പയിന്‍ എന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.