യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഫലപ്രദമായി നടപ്പാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സ്മാര്‍ട്ട് സംവിധാനങ്ങളും പ്രയോജനപ്പെടുത്തും എന്ന് ഐ.സി.പി. പൊതുമാപ്പ് നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് ഐ.സി.പി. പൊതുമാപ്പ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിറ്റി,സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി യോഗം ചേര്‍ന്നു.
2018-ന് ശേഷം ഇത് ആദ്യമായിട്ടാണ് യുഎഇയില്‍ വീസ നിയമലംഘകര്‍ക്ക് പിഴയിളവ് അനുവദിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്നപൊതുമാപ്പ് സുഗമമായി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകളില്‍ ആണ് ഐ.സി.പി. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനായി സ്മാര്‍ട്ട് സംവിധാനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രയോജനപ്പെടുത്തും എന്ന് ഐസിപി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ സുഹൈല്‍ ജുമ അല്‍ ഖൈലി അറിയിച്ചു. യുഎഇ സര്‍ക്കാരിന്റെ സീറോ ബ്യൂറോക്കസി പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നവസങ്കേതങ്ങള്‍ ഉപയോഗിക്കുക.
പൊതുമാപ്പ് നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഐസിപി ഉദ്യോഗസ്ഥര്‍ അബുദബിയില്‍ യോഗം ചേര്‍ന്നു.വെളളിയാഴ്ച ദുബൈയിലും സമാനമായ യോഗം ചേര്‍ന്നിരുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ രണ്ട് മാസക്കാലം ആണ് താസനിയമലംഘകര്‍ക്ക് പിഴയിളവ് ലഭിക്കുക. പൊതുമാപ്പ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും എന്നാണ് ഐസിപിയുടെ അറിയിപ്പ്. 2018-ല്‍ 105809 പേരാണ് യുഎഇയില്‍ പൊതുമാപ്പിന് അപേക്ഷിച്ചത്. ഇത്തവണയും പതിനായിരങ്ങള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.