സെപ്റ്റംബര്‍ ഒന്നിന് ശേഷം താമസനിയമം ലംഘിച്ചവര്‍ക്ക് പൊതുമാപ്പ് ലഭിക്കില്ലെന്ന് യുഎഇ ഐസിപി.പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും യുഎഇയിലേക്ക് തിരികെ എത്താം എന്നും ഐസിപി അറിയിച്ചു. പ്രാബല്യത്തില്‍ വന്ന് ഒരാഴ്ച്ചക്കിടയില്‍ താമസനിയമലംഘകരായ ആയിരങ്ങളാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെ രേഖപ്പെടുത്തപ്പെട്ട താമസ നിയമലംഘനങ്ങള്‍ക്ക് മാത്രമാണ് പൊതുമാപ്പിന്റെ അനൂകൂല്യം ലഭിക്കുക എന്നാണ് യുഎഇ ഐസിപി വ്യക്തമാക്കുന്നത്. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവര്‍ക്കും ജിസിസി രാജ്യങ്ങളില്‍ നിന്നും നാടുകടത്തപ്പെട്ടവര്‍ക്കും പൊതുമാപ്പ് ലഭിക്കില്ല.
പൊതുമാപ്പ് കാലത്ത് ഔട്ട്പാസ് വാങ്ങി രാജ്യം വിടുന്ന വിദേശികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും യുഎഇയിലേക്ക് പുതിയ വീസയില്‍ തിരികെ എത്താം. സുരക്ഷാ അതോറിറ്റികളുടെ അനുമതിയോട് കൂടിയായിരിക്കും ഇത്തരക്കാര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുക എന്നും ഐസിപി വിശദീകരിക്കുന്നുണ്ട്.കഴിഞ്ഞ ഞായറാഴ്ചയാണ് യുഎഇയില്‍ രണ്ടുമാസക്കാലം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നത്. ഇതിനിടയില്‍ ആയിരക്കണക്കിന് പേര്‍ പൊതുമാപ്പിന്റെ അനൂകൂല്യം പ്രയോജനപ്പെടുത്തി.
ദുബൈ അവീറിലെ ജിഡിആര്‍എഫ്എയുടെ പൊതുമാപ്പ് കേന്ദ്രത്തില്‍ കൗണ്ടറുകളിട്ട് പതിനഞ്ചിലധികം കമ്പനികള്‍ നൂറുകണക്കിന് പേര്‍ക്ക് തൊഴിലും നല്‍കുന്നുണ്ട്. പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നതിന് ശേഷം രണ്ടായിരത്തോളം ഫിലിപ്പൈന്‍ പൗരന്‍മാര്‍ അനൂകൂല്യം പ്രയോജനപ്പെടുത്താന്‍ മുന്നോട്ട് വന്നെന്ന്ഫിലിപ്പൈന്‍സ് എംബസി അറിയിച്ചു.