വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷ ക്രമക്കേട് തടയാന്‍ ഫെഡറല്‍ നിയമം കര്‍ശനമാക്കി യുഎഇ. നിയമ ലംഘകര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. വിദ്യാര്‍ത്ഥികളെ കൂടാതെ മറ്റാര്‍ക്കെങ്കിലും കുറ്റകൃത്യത്തില്‍ പങ്കുണ്ടെങ്കിലും പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.പരീക്ഷകളില്‍ വിവിധതരം ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ഫെഡറല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.
വിദ്യാഭ്യാസ മന്ത്രാലയം, അതത് എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടാകും നടപടി. ചോദ്യം, ഉത്തരം, പരീക്ഷാ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ചോര്‍ത്തുക, അച്ചടിക്കുക, വിതരണം ചെയ്യുക, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക, ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് പിഴയോ 6 മാസം വരെ സാമൂഹിക സേവനം ചെയ്യാനോ ഉത്തരവിടും. കോപ്പിയടിക്കുന്ന വിദ്യാര്‍ഥിക്കെതിരെ അച്ചടക്ക നടപടി ആരംഭിക്കും.
ഓണ്‍ലൈന്‍ വഴി പരീക്ഷാ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറുക, ഫലങ്ങളില്‍ കൃത്രിമം കാണിക്കുക, ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, പരീക്ഷാ ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുക, പരീക്ഷാ കേന്ദ്രങ്ങളിലും മറ്റു നിയമവിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നിവയ്‌ക്കെതിരെയും നടപടി ശക്തമാക്കും. അനുകമ്പയോടെ കുട്ടികളെ പഠിപ്പിക്കാനും ശരിയായ പാതയിലേക്ക് നയിക്കാനുമുള്ള അവസരമായാണ് ശിക്ഷാ നടപടികളെ കാണുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.