യുഎഇയില്‍ സന്ദര്‍ശവീസയില്‍ എത്തിയിട്ടുളളവര്‍ക്ക് പുതുക്കുന്നതിന് അധികനിരക്ക് നല്‍കേണ്ടിവരും എന്ന് ട്രാവല്‍ ഏജന്‍സികള്‍. എക്‌സിറ്റാവുന്നതിനും തിരികെ എത്തുന്നതിനും ഉള്ള ടിക്കറ്റ് നിരക്കുകളിലെ വര്‍ദ്ധനയാണ് ഇതിന് കാരണം.എയര്‍പോര്‍ട്ട്-ടു-എയര്‍പോര്‍ട്ട് വീസ മാറ്റത്തിനുള്ള നിരക്കുകളില്‍ ഇരുപത് ശതമാനത്തോളം വര്‍ദ്ധന വന്നുവെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കുന്നത്. സന്ദര്‍ശവീസയില്‍ എത്തിയിട്ടുള്ളവര്‍ വീസ മാറ്റത്തിനായി സ്വദേശത്തേക്ക് യാത്ര ചെയ്യാതെ സമീപരാഷ്ട്രങ്ങളില്‍ പോയി തിരികെ എത്തുന്നതിനുള്ള ചിലവില്‍ ആണ് വര്‍ദ്ധന വന്നിരിക്കുന്നത്.
ശൈത്യകാലവും വിനോദസഞ്ചാര സീസണ്‍ ആരംഭിച്ചതും എല്ലാം ആണ് നിരക്ക് വര്‍ദ്ധനവിന് കാരണമായി പറയുന്നത്. സ്വദേശത്ത് മടങ്ങാതെ കൂടുതല്‍ ആളുകള്‍ വീസ മാറ്റത്തിന് എത്തുന്നത് മൂലമുള്ള ഡിമാന്‍ഡ് വര്‍ദ്ധനയും നിരക്ക് കൂടുന്നതിന് കാരണമായിട്ടുണ്ട്. വിമാനനിരക്കില്‍ മാത്രം 125 ദിര്‍ഹത്തിന്റെ വര്‍ദ്ധന വന്നിട്ടുണ്ടെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിനുളളില്‍ നിന്നുകൊണ്ട് തന്നെ സന്ദര്‍ശകവീസ പുതുക്കുന്നതിനുള്ള സൗകര്യം യുഎഇ നേരത്തെ നിര്‍ത്തലാക്കിയിരുന്നു. ഇതിന് ശേഷം സന്ദര്‍ശക വീസ പുതുക്കുന്നവര്‍ തൊട്ടടുത്തുള്ള രാജ്യങ്ങളിലേക്ക് സഞ്ചരിച്ച് മടങ്ങി എത്തുകയാണ് ചെയ്യുന്നത്.
തൊണ്ണൂറ് ദിവസത്തെ വീസ യുഎഇ നിര്‍ത്തലാക്കിയതും ഇത്തരം വീസ മാറ്റക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവരുത്തി. ആയിരത്തിഞ്ച് ദിര്‍ഹം മുതല്‍ ആണ് ഇപ്പോള്‍ ട്രാവല്‍ ഏജന്‍സികള്‍ വീസ മാറ്റത്തിന് ഈടാക്കുന്നത്.