യുഎഇയില്‍ പുതിയ വീസകള്‍ ലഭിച്ചവര്‍ തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അറുപത് ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. ഇരുന്നൂറ് ദിര്‍ഹമാണ് അപേക്ഷയ്ക്കുള്ള ഫീസായി ഈടാക്കുക. തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ രാജ്യത്ത് ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഐസിപി അധികൃതര്‍ അറിയിച്ചു.അറുപത് ദിവസത്തിനു ശേഷമുള്ള തിരുത്തല്‍ അപേക്ഷകള്‍ സ്വീകരിക്കില്ല.
തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ നല്‍കിയാല്‍ രണ്ടു ദിവസത്തിനകം തിരുത്തലുകളോടു കൂടിയ പുതിയ വീസ ലഭിക്കും. വീസയില്‍ പേര്, തൊഴില്‍, സ്‌പോണ്‍സര്‍ വിലാസം തുടങ്ങി വ്യക്തിഗത വിവരങ്ങളില്‍ മാറ്റം ഉണ്ടെങ്കില്‍ തിരുത്താനായി വീണ്ടും അപേക്ഷിക്കാം. നല്‍കുന്ന രേഖകള്‍ കൃത്യമാണെങ്കില്‍ രണ്ടു ദിവസത്തിനകം പുതിയ വീസ ലഭിക്കും. വീസയുടെ അസ്സല്‍ കോപ്പി, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയാണ് തിരുത്തലിന് ആവശ്യമായ രേഖകള്‍. വീസയുടെ ഇഷ്യൂ തീയതി പരിശോധിച്ച് 60 ദിവസം കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കിയാകണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. 200 ദിര്‍ഹമാണ് സേവനത്തിന്റെ നിരക്ക്. ഇതില്‍ 100 ദിര്‍ഹം സ്മാര്‍ട് സേവനത്തിനും, 50 ദിര്‍ഹം അപേക്ഷ ഫീസും, 50 ദിര്‍ഹം അതോറിറ്റിയുടെ ഇ സര്‍വീസിനുമുള്ളതാണ്.
അപേക്ഷകന്റെ ആവശ്യം അനുസരിച്ച് നിരക്കിലും വ്യത്യാസം വരും. യുഎഇ ഐസിപി മൊബൈല്‍ ആപ് വഴിയും മറ്റു സ്മാര്‍ട് സംവിധാനങ്ങളിലൂടെയും അപേക്ഷിക്കാം. അപൂര്‍ണവും അവ്യക്തവുമായ അപേക്ഷകള്‍ പുതുക്കി നല്‍കാന്‍ ഐസിപി ആവശ്യപ്പെട്ടാല്‍ അപേക്ഷകന്‍ തിരുത്തി നല്‍കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ അപേക്ഷ റദ്ദാകും. ഇങ്ങനെ റദ്ദാക്കുന്ന അപേക്ഷകള്‍ 30 ദിവസം വരെ വീണ്ടും സമര്‍പ്പിക്കാം. മൂന്നുതവണ നിരാകരിച്ച അപേക്ഷകള്‍ പിന്നീട് നല്‍കാന്‍ സാധിക്കില്ല.