യുഎഇ നടപ്പാക്കുന്ന സ്വദേശിവത്കരണം ചെറുകിട സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം തുടക്കമിട്ടു. അടുത്തഘട്ടത്തില്‍ സ്വദേശിവത്കരണം നടപ്പാക്കേണ്ട പന്ത്രണ്ടായിരത്തിലധികം സ്വകാര്യസ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അറിയിപ്പ് നല്‍കി. 20 മുതല്‍ 49 വരെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ 2024-ല്‍ ഒരു ഇമാറാത്തിക്ക് നിയമനം നല്‍കണം എന്നാണ് നിര്‍ദ്ദേശം.
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വദേശിവല്‍ക്കരണമാണ് നടക്കുന്നത്. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 79,000 സ്വദേശികള്‍ സ്വകാര്യ കമ്പനികളില്‍ ജോലി നേടിയിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളില്‍ കൂടുതലും ദുബൈ എമിറേറ്റിലെന്നാണ് സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചത്. സര്‍ക്കാര്‍ ജോലി മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന സ്വദേശികള്‍ക്ക് ചുവടുമാറ്റം അവസരങ്ങളുടെ പുതിയ വഴിയാണ് തുറക്കുന്നത്. നിലവില്‍ 49ല്‍ കൂടുതല്‍ വിദഗ്ധ തൊഴിലാളികള്‍ ജോലി ചെയ്യുന്ന വന്‍കിട കമ്പനികളിലാണ് രണ്ട് ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. എന്നാല്‍ ജനുവരി ഒന്ന് മുതല്‍ 20 മുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ക്ക് നിയമം ബാധകമാകും.
പന്ത്രണ്ടായിരത്തോളം സ്വകാര്യ കമ്പനികള്‍ക്ക് മാനവവിഭവശേഷി മന്ത്രാലയം അറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്വകാര്യ രംഗത്തെ 14 തൊഴില്‍ മേഖലയ്ക്കും 71 ഉപവിഭാഗങ്ങള്‍ക്കുമാണ് മുന്നറിയിപ്പ്. 20ല്‍ അധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഐടി, ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്‌റ്റേറ്റ്, വിദ്യാഭ്യാസം, അഡിമിനിസ്‌ട്രേഷന്‍, സാമൂഹിക മേഖല, ആരോഗ്യ രംഗം, കല, വിനോദം, നിര്‍മ്മാണം, ഖനനം, വെയര്‍ഹൗസ്, ഹോട്ടല്‍- ഹോസ്പിറ്റാലിറ്റി എന്നിവയ്ക്ക് പുറമേ സാങ്കേതിക ശാസ്ത്ര പ്രൊഫഷണല്‍ ജോലികളെല്ലാം സ്വദേശിവല്‍ക്കരണത്തില്‍ ഉള്‍പ്പെടും. ഈ രംഗത്തെ മികച്ച തസ്തികകളിലായിരിക്കും സ്വദേശി നിയമനം. 2024ല്‍ ഒരു സ്വദേശിയേയും 2025ല്‍ മറ്റൊരാളേയും നിയമിക്കണം. സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയില്ലെങ്കില്‍ 96,000 ദിര്‍ഹമാണ് പിഴ ലഭിക്കുക. വ്യാജ സ്വദേശിവല്‍ക്കരണം നടത്തിയാലും കനത്ത പിഴ ഈടാക്കും