ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇസ്രയേല്‍.ഗാസയിലും വെസ്റ്റ് ബാങ്കിലും യു.എന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം തടസപ്പെടുന്നതിന് നിരോധനം കാരണമാകും എന്നാണ് ആശങ്ക.ഇസ്രയേല്‍ തീരുമാനം പിന്‍വലിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടു.
ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ ആണ് യു.എന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന രണ്ട് ബില്ലുകള്‍ പാസാക്കിയത്. ഹമാസും യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയും തമ്മില്‍ ബന്ധമുണ്ടെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മറയായി ഏജന്‍സിയെ ഉപയോഗിക്കുന്നുവെന്നും ആരോപിച്ചാണ് നിരോധനം.ഇസ്രയേലിലും അധിനിവേശ കിഴക്കന്‍ ജറുസലേമിലും ആണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇസ്രയേല്‍ ഉദ്യോഗസ്ഥരും ഏജന്‍സി ഉദ്യോഗസ്ഥരും തമ്മില്‍ ബന്ധപ്പെടുന്നതിനും നിരോധനം ഉണ്ട്.കിഴക്കന്‍ ജറുസ്സലേമിലെ ഏജന്‍സിയുടെ ആസ്ഥാന മന്ദിരം അടച്ചുപൂട്ടും.ഏജന്‍സി ജീവനക്കാര്‍ക്ക് ഇസ്രയേലില്‍ നിന്നും നിയമപരമായ ഒരു സഹായവും ലഭിക്കില്ല.
ഗാസയില്‍ യുദ്ധക്കെടുതികള്‍ നേരിടുന്ന ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടക്കം സഹായങ്ങള്‍ നല്‍കുന്ന യു.എന്‍ ഏജന്‍സിയാണ് നിരോധിക്കപ്പെട്ടിരിക്കുന്നത്. നിരോധനം ഇസ്രയേലില്‍ ആണെങ്കിലും ഗാസയിലെ പ്രവര്‍ത്തനവും തടസ്സപ്പെടുന്നതിന് അത് കാരണമാകും.യുദ്ധം അഭയാര്‍ത്ഥികളാക്കിയ പതിനായിരങ്ങള്‍ പട്ടിണിയിലാകുന്നതിനും നിരോധനം കാരണമാകും.ഏജന്‍സിയുടെ വെസ്റ്റ് ബാങ്കിലേയും പ്രവര്‍ത്തനങ്ങള്‍ പരിമിതമാകും.നിരോധനം പിന്‍വലിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണം എന്ന് അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.