ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് ഇസ്രയേല്‍.ഇക്കാര്യം ഔദ്യോഗികമായി ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം ഐക്യരാഷ്ട്രസഭയെ അറിയിച്ചു.യുഎന്‍ ഏജന്‍സിയുമായുണ്ടായിരുന്ന സഹകരണ കരാറും ഇസ്രയേല്‍ റദ്ദാക്കി.
യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് നിരോധം ഏര്‍പ്പെടുത്തിക്കൊണ്ട് ഇസ്രയേല്‍ പാര്‍ലമെന്റ് കഴിഞ്ഞ ആഴ്ച്ച ബില്‍ പാസാക്കിയിരുന്നു.ഇപ്പോള്‍ നിരോധന നടപടിക്രമങ്ങളിലേക്കും കടന്നിരുക്കുകയാണ് നെതന്യാഹു ഭരണകൂടം.
1967-ല്‍ പ്രാബല്യത്തില്‍ വന്ന സഹകരണകരാര്‍ ആണ് ഇസ്രയേല്‍ റദ്ദാക്കിയത്.
ഇസ്രയേലിലും ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ യുഎന്‍ ഏജസിയുമായി സഹകരിക്കുന്നതിനും നിരോധനം ഉണ്ട്.
ഇസ്രയേലിന്റെ നടപടി ഗാസയിലെ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിന് തടസ്സമാകും എന്നാണ് സന്നദ്ധപ്രവര്‍ത്തകരുടെ ആശങ്ക.നിരോധനം പിന്‍വലിക്കണം എന്ന് അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇസ്രയേല്‍.ഹമാസുമായുള്ള ബന്ധം ആരോപിച്ചാണ് യുഎന്‍ ഏജന്‍സിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഹമാസിന്റെ പ്രവര്‍ത്തകര്‍ അഭയാര്‍ത്ഥി ഏജന്‍സിയില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഇക്കാര്യം ഐക്യരാഷ്ട്രസഭയെ അറിയിച്ചിട്ടുണ്ടെന്നും ഇസ്രയേലിന്റെ യു.എന്‍ അംബാസഡര്‍ ഡന്നി ഡാനോന്‍ പറഞ്ഞു.