യുദ്ധാനന്തര ഗാസയുടെ ഭാവി സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കി ഇസ്രയേല്‍ പ്രതിരോധമന്ത്രാലയം. യുദ്ധത്തിന് ശേഷവും ഗാസ മുനമ്പിന്റെ സുരക്ഷാ നിയന്ത്രണം ഇസ്രയേല്‍ നിര്‍വഹിക്കുമെന്ന് പ്രതിരോധമന്ത്രി യോവ് ഗല്ലാന്റ് അറിയിച്ചു. ഇതിനിടെ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈ ആഴ്ച്ച വീണ്ടും പശ്ചിമേഷ്യയില്‍ എത്തും.ഹമാസിന് എതിരായ യുദ്ധം വിജയിച്ചാലും ഗാസയില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങില്ലെന്ന സൂചനയാണ് ഇസ്രയേല്‍ നല്‍കുന്നത്. യുദ്ധാനന്തര ഗാസയുടെ ഭാവി സംബന്ധിച്ച കൃത്യമായ പദ്ധതി ആസുത്രണം ചെയ്തിട്ടുണ്ടെന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗല്ലാന്റ് വ്യക്തമാക്കുന്നത്.
പലസ്തീന് പരിമിതമായ അധികാരങ്ങള്‍ മാത്രമായിരിക്കും ഗാസ മുനമ്പില്‍ ഉണ്ടാവുക. പക്ഷെ പലസ്തീനികള്‍ തന്നെയായിരിക്കും ഗാസയുടെ അധികാരത്തിലേക്ക് എത്തുക. ഹമാസിന് ഗാസയില്‍ ഒരു അധികാരവും ഉണ്ടായിരിക്കില്ല. മാത്രമല്ല ഗാസയുടെ ആകെ സുരക്ഷാ ചുമതല ഇസ്രയേല്‍ തന്നെ നിര്‍വഹിക്കും എന്നും യോവ് ഗല്ലാന്റ് അറിയിച്ചു. യുദ്ധത്തില്‍ തകര്‍ന്ന ഗാസയുടെ പുനര്‍നിര്‍മ്മിതിക്കായും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി അറിയിച്ചു. അതെസമയം അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈയാഴ്ച വീണ്ടും മേഖലയിലേക്ക് എത്തും.
ഹമാസ് നേതാവ് സലേഹ് അല്‍ അറൂരി ലബനനില്‍ കൊലപ്പെട്ടതിന് പിന്നാലെ മേഖലയിലെ സംഘര്‍ഷസാഹചര്യം മുര്‍ച്ഛിച്ചിടുണ്ട്. ഈ ഘട്ടത്തിലാണ് ആന്റണി ബ്ലിങ്കന്‍ വീണ്ടും പശ്ചിമേഷ്യയിലേക്ക് എത്തുന്നത്. ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും ബ്ലിങ്കന്‍ സന്ദര്‍ശനം നടത്തും. യുഎഇ സൗദി അറേബ്യ,ഈജിപ്ത്,ഖത്തര്‍ ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലും ബ്ലിങ്കന്‍ സന്ദര്‍ശനം നടത്തും എന്നാണ് റിപ്പോര്‍ട്ട്.