ലബനനില്‍ വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നു. അമേരിക്കയുടെ നിര്‍ദ്ദേശങ്ങളോട് അനുകൂല നിലപാടാണ് ഹിസ്ബുള്ള സ്വീകരിക്കുന്നത്.ലബനനില്‍ ശക്തമായ ആക്രമണം തുടരുകയാണ് ഇസ്രയേല്‍ സൈന്യം.ലബനനനില്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ ഇരുനൂറിലധികം കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് യുനിസെഫ് അറിയിച്ചു.അമേരിക്കയുടെ നേതൃത്വത്തില്‍ ആണ് ലബനനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.ചര്‍ച്ചകള്‍ക്കായി യു.എസ് പ്രതിനിധി എമസ് ഹോക്‌സ്‌റ്റൈന്‍ ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ എത്തിയിട്ടുണ്ട്.വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് അമേരിക്ക മുന്നോട്ട് വെച്ച ശുപാര്‍ശകള്‍ ലബനന്‍ സര്‍ക്കാരും ഹിസ്ബുള്ളയും അംഗീകരിച്ചിട്ടുണ്ട്.
ഹിസ്ബുളളയും അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് എമസ് ഹോക്‌സ്‌റ്റൈന്‍ ബെയ്‌റൂത്തില്‍ എത്തി തുടര്‍ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.2006-ലെ ഇസ്രയേല്‍ ഹിസ്ബുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭ രൂപപ്പെടുത്തിയ കരാറിലെ വ്യവസ്ഥകള്‍ തന്നെയാണ് ഇത്തവണയും പരിഗണിക്കുന്നത്.ഇസ്രയേല്‍ ലബനന്‍ അതിര്‍ത്തിയില്‍ മുപ്പത് കിലോമീറ്ററിനുള്ളില്‍ ഹിസ്ബുള്ളയുടെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല എന്നതാണ് പ്രധാന വ്യവസ്ഥ.ഇവിടെ യുഎന്‍ സൈന്യവും ലബനന്‍ സമാധാന സേനയും സുരക്ഷ ഒരുക്കും.ഹിസ്ബുള്ള സൈനിക ശേഷിയെ അപേക്ഷിച്ച് ദുര്‍ബലമാണ് ലബനന്‍ ദേശീയ സൈന്യം.വെടിനിര്‍ത്തല്‍ നടപ്പാക്കപ്പെട്ടാല്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം നടത്തേണ്ടത് എങ്ങനെ എന്ന് ലബനന്‍ ഭരണകൂടം ചര്‍ച്ച ചെയ്ത് വരികയാണ്.