2022 ല്‍ സാമ്പത്തിക രംഗത്ത് ശ്രദ്ധേയമായ നേട്ടമുണ്ടാക്കി യു എ ഇ. ഉയര്‍ന്ന എണ്ണവില, വര്‍ധിച്ച നികുതി വരുമാനം തുടങ്ങി സമ്പദ്വ്യവസ്ഥയുടെ എല്ലാ പ്രധാന മേഖലകളിലെയും ശക്തമായ വളര്‍ച്ചയുടേയും പിന്തുണയോടെ വരുമാനത്തില്‍ 31.8 ശതമാനം വര്‍ധനവാണ് 2022 ല്‍ യു എ ഇ ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ സര്‍ക്കാറിന്റെ ഫിസിക്കല്‍ ബാലന്‍സ് മിച്ചം രേഖപ്പെടുത്തുകയും ചെയ്തു
നികുതി നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തതോടൊപ്പം നികുതി ബോധവല്‍ക്കരണ കാമ്പെയ്നുകളുടെ തീവ്രതയും നികുതി പിരിവിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചു. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വര്‍ധനവാണ് നികുതി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് യു എ ഇ ധനമന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ 2022 ലെ സാമ്പത്തിക പ്രകടന വിശകലനത്തില്‍ വ്യക്തമാക്കുന്നത്.
.
2022-ല്‍ സാമ്പത്തികേതര ആസ്തി സമ്പാദനത്തില്‍ 94.5 ശതമാനം വളര്‍ച്ച കൈവരിച്ചതായും മന്ത്രാലയം വിശദീകരിച്ചു. ഇത് വരുമാന വൈവിധ്യവല്‍ക്കരണത്തിലേക്കുള്ള യുഎഇയുടെ മുന്നേറ്റത്തിന്റെയും സര്‍ക്കാര്‍ വരുമാനത്തിലും പ്രാദേശിക സമ്പദ്വ്യവസ്ഥയിലും എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകളുടെ ആഘാതം കുറയ്ക്കുന്നതിന്റെയും തെളിവാണെന്നും വിലയിരുത്തപ്പെടുന്നു.
ധനനയം സാമ്പത്തിക വളര്‍ച്ചയും മത്സരാധിഷ്ഠിത ബിസിനസ്സ് അന്തരീക്ഷവും വര്‍ധിപ്പിച്ചതായും 2022-ല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി യുഎഇ മാറിയെന്ന് ഷെയ്ഖ് ഹംദാനും വ്യക്തമാക്കി. 2022 ല്‍ യുഎഇ സമ്പദ്വ്യവസ്ഥ 7.9 ശതമാനം വളര്‍ന്നു. എണ്ണ ഉത്പാദനം ഉള്‍പ്പെട മിക്കവാറും എല്ലാ മേഖലകളും ശക്തമായ വേഗതയില്‍ വികസിച്ചു. രാജ്യത്തിന്റെ ജിഡിപി 1.86 ട്രില്യണ്‍ ദിര്‍ഹമായി. അതായത് 2021 നെ അപേക്ഷിച്ച് 337 ബില്യണ്‍ ദിര്‍ഹത്തിന്റെ വര്‍ധന.