ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഹൂത്തികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി അമേരിക്കന്‍ സൈന്യം. യെമനിലെ ഹൂത്തികളുടെ റഡാര്‍ കേന്ദ്രത്തിന് നേരെ ആണ് അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയത്.
യെമനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹുത്തികള്‍ മുന്നറിയിപ്പ് നല്‍കി.അമേരിക്കയും യു.കെ ഒടക്കമുളള രാജ്യങ്ങളും ചേര്‍ന്നാണ് യെമനില്‍ ഹൂത്തികള്‍ക്ക് എതിരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. തുടക്കത്തില്‍ ചെങ്കടലില്‍ ആയിരുന്നു ഹൂത്തികള്‍ക്ക് എതിരായ പ്രത്യാക്രമണം എങ്കില്‍ ഇപ്പോള്‍ യെമനിലേക്ക് പ്രവേശിച്ചും അമേരിക്കന്‍ സഖ്യം ആക്രമണം നടത്തുകയാണ്.
ഹൂത്തികളുടെല നിയന്ത്രണത്തിലുള്ള അല്‍ ദൈലാമി ബേസിലേക്കും ഒരു റഡാര്‍ കേന്ദ്രത്തിലേക്കും ആണ് ആക്രമണം. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ആക്രമിക്കാനുള്ള ഹൂത്തികളുടെ ശേഷി ഇല്ലാതാക്കുകയാണ് ആക്രമണങ്ങളുടെ ലക്ഷ്യം എന്ന് യു.എസ് സൈന്യം അറിയിച്ചു. യുദ്ധക്കപ്പലായ യു.എസ്.എസ് കാര്‍ണിയില്‍ നിന്നാണ് യെമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണം നടത്തിയതെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. യു.എസ് യുകെ സഖ്യത്തിന്റെ നടപടിക്ക് എതിരെ വലിയ പ്രതിഷേധം ആണ് യെമനില്‍ അരങ്ങേറിയത്. പതിനായിരങ്ങളാണ് സനായി പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. യെമനിലെ തങ്ങളുടെ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സേന നടത്തുന്ന ഓരോ ആക്രമണത്തിനും തക്കതായ തിരിച്ചടികള്‍ നല്‍കുമെന്ന്
ഹൂത്തികള്‍ പ്രതികരിച്ചു. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചാണ് ചെങ്കടല്‍ വഴിയുള്ള കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം ആരംഭിച്ചത്.
കടല്‍ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യെമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം. യു.എസ്-യുകെ സഖ്യം വീണ്ടും ആക്രമണം ആരംഭിച്ചത് മേഖലയിലെ സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗാസ യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ തുടക്കമായും വിലയിരുത്തലുകള്‍ ഉണ്ട്.
…….