ആലപ്പുഴയിലെ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിവിധ വകുപ്പുകളിലായി പ്രതികൾക്ക് പിഴയും കോടതി ചുമത്തി. ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20 ന് കോടതി വിധി പ്രസ്താവിച്ചിരുന്നു. കേസിലെ ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.
2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. ആദ്യം ഉണ്ടായ ഷാൻ കൊലക്കേസിൽ ഇപ്പോഴും വിചാരണ ആരംഭിച്ചിട്ടില്ല.കഴിഞ്ഞ ആഴ്ചയാണ് പ്രോസിക്യൂട്ടറേ നിയമിച്ചത്. കേസ് ആലപ്പുഴ സെഷൻസ് കോടതി അടുത്ത മാസം രണ്ടിന് പരിഗണിക്കും.ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രൺജിത്തിന്റെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
രണ്‍ജിത്ത് കൊലയ്ക്ക് പിന്നാലെ ഒരു മാസം പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നു. ആലപ്പുഴ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ കേസില്‍ ഉള്‍പ്പെട്ട 35 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. 90 ദിവസത്തിനുള്ളില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 15 കുറ്റവാളികളെയും പ്രതിയാക്കി ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ മേല്‍ കോടതിയെ സമീപിച്ചതോടെ നടപ്പടികള്‍ നീണ്ടുപ്പോവുകയായിരുന്നു. പിന്നീടാണ് നടപടികളും വിചാരണയും പൂര്‍ത്തിയാക്കി കഴിഞ്ഞ ഡിസംബര്‍ 15ന് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.
ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്നും കൊലപാതകത്തിലും ഗൂഡാലോചനയിലും ഒരുപോലെ പങ്കുള്ളവരാണെന്നും ജഡ്ജി വിജി ശ്രീദേവി വിധി പ്രഖ്യാപിച്ചു. 25 ന് ശിക്ഷാവിധിയില്‍ പ്രതികള്‍ക്ക് പറയാനുള്ളത് കൂടി കേട്ടിരുന്നു. ഇതിനുശേഷമാണ് കോടതി അന്തിമ ശിക്ഷാ വിധി പ്രഖ്യാപിച്ചത്. നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മുൻഷാദ് എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ജസീബ് രാജ, നവാസ്, ഷമീർ, നസീർ എന്നിവർക്കെതിരെ കൊലപാതകത്തിന് സഹായം ചെയ്തുനൽകിയതിനും തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് കേസ്. സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് എന്നിവർ പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കുകയും ചെയതു.കൊലപാതകത്തിന് പുറമെ ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കടന്നു കയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ഐപിസി 449, 447, 506(2), 324, 323, 341, 201വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.