ഗാസവെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടത്തിനുള്ള ചര്‍ച്ചകള്‍ വൈകാതെ ആരംഭിച്ചേക്കും.ചര്‍ച്ചകള്‍ക്ക് ഹമാസും ഇസ്രയേലും സമ്മതമറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്്.ഗാസയുടെ ഭാവി സംബന്ധിച്ച് ഈജിപ്തുമായി ഹമാസും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
നാളെയോ മറ്റന്നാളോ ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞേക്കും എന്നാണ് മധ്യസ്ഥര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.തുടര്‍ചര്‍ച്ചകള്‍ക്കുള്ള മധ്യസ്ഥരുടെ ക്ഷണം സ്വീകരിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്.തിങ്കളാഴ്ച പ്രതിനിധി സംഘത്തെ ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് അയക്കും എന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.രണ്ടാംഘട്ട വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നതിനുള്ള അനുകൂല സാഹചര്യം ഒരുങ്ങുന്നുവെന്ന് ഹമാസും വ്യക്തമാക്കി.
ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പൂര്‍ണ്ണമായും പിന്‍വാങ്ങുന്നത് അടക്കമുള്ള സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ആണ് രണ്ടാംഘട്ടത്തില്‍ ചര്‍ച്ചചെയ്യേണ്ടത്.ഇതൊടൊപ്പം തന്നെ ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി അറബ് രാഷ്ട്രങ്ങള്‍ അംഗീകരിച്ച പദ്ധതി സംബന്ധിച്ച് ഈജിപ്ത് ഹമാസുമായി ചര്‍ച്ചകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ചര്‍ച്ചകള്‍ക്കായി ഹമാസിന്റെ പ്രതിനിധി സംഘം ഈജിപത് തലസ്ഥാനമായ കെയ്‌റോയില്‍ എത്തിയിട്ടുണ്ട്.ഗാസയുടെ നിയന്ത്രണത്തിനായി ഒരു താത്കാലികഭരണസമിതിക്ക് രൂപം നല്‍കുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് വരെ ഗാസയുടെ നിയന്ത്രണത്തിനായി താത്കാലിക ഭരണസമിതിക്ക് രൂപം നല്‍കുന്നതിന് ഹമാസും സമ്മതം അറിയിച്ചതായാണ് സൂചന.