96ാം വയസില്‍ സാക്ഷരതാ മിഷന്‍ തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹരിപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്യായനിയമ്മ (101) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവാണ് കാര്‍ത്യയായാനിയമ്മ. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് അന്തരിച്ചത്. ഒരു വര്‍ഷമായി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു.
2017 ല്‍ നാല്‍പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98 മാര്‍ക്കുവാങ്ങിയാണ് കർത്യയാണിയമ്മ ഒന്നാം റാങ്ക് നേടിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും കാര്‍ത്ത്യായനിയമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ് വിൽ അംബാസിഡറായി കാർത്യായനിയമ്മയെ തെരഞ്ഞെടുത്തിരുന്നു.
കാർത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നതെന്ന് പിണറായി അനുസ്മരിച്ചു. നാരീശക്തി പുരസ്കാരം വാങ്ങിയ ശേഷവും പുരസ്കാരവുമായി നേരിട്ട് കാണാൻ വന്നിരുന്നു. ഒരവസരം കിട്ടിയപ്പോൾ, പ്രായം വകവെയ്ക്കാതെ, പഠിക്കാൻ സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകൾക്കാണ് പ്രചോദനമായത്. കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.