രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അടിയന്തര യോഗം വിളിച്ചു. കൊവിഡ് നിരീക്ഷണം ശക്തമാക്കണമെന്ന് യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികളിൽ മൂന്നുമാസം കൂടുമ്പോൾ മോക്ക് ഡ്രിലുകൾ നടത്തണം. ഇപ്പോൾ ആശങ്കയുടെ ആവശ്യമില്ലെന്നും കേന്ദ്രം അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് മുന്നോട്ടു പോകേണ്ട സാഹചര്യമാണിത്. ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് വകഭേദം ജെഎൻ 1 രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുകയും ശ്വാസകോശ അസുഖങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.
സംസ്ഥാനത്ത് ജാഗ്രത വേണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് കേസുകളില്‍ കേരളത്തില്‍ പ്രതിദിനം വലിയ വർധനവാണുണ്ടാകുന്നത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 519 കൊവിഡ് കേസുകളും മൂന്ന് മരണവുമാണ് സ്ഥിരീകരിച്ചത്. രാജ്യമൊട്ടാകെ 24 മണിക്കൂറിനിടെ 614 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോണും ഉപ വകഭേദമായ ജെഎൻ1 ഉം ആണ് കേരളത്തിൽ പടരുന്നത്. ശ്വാസകോശ രോഗങ്ങളുമായാണ് കൂടുതൽ രോഗികളും ആശുപത്രിയിൽ എത്തുന്നത്. സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടും. സൗകര്യങ്ങൾ ഉള്ള എല്ലാ സർക്കാർ ആശുപത്രികളിലും പരിശോധന നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.