യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പക്ഷാഘാതത്തിന്റെ തുടക്കമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പക്ഷാഘാതം പലതവണ വന്നു പോയെന്നും ഇടതുവശത്തിന് ബലക്കുറവുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. ജനുവരി 22വരെ റിമാൻഡ് ചെയ്യപ്പെട്ട രാഹുൽ ഇപ്പോൾ പൂജപ്പുര ജയിലിലാണ്.
സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ പുതിയ ജാമ്യാപേക്ഷ നൽകി. ഏതാനും ദിവസം മുമ്പ് മാത്രം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട രാഹുൽ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യാപേക്ഷ നൽകിയത്. മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചെങ്കിലും വീണ്ടും ആരോഗ്യപരിശോധനക്ക് അയച്ച ശേഷമാണ് മജിസ്ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചത്. പ്രിൻസിപ്പൽ സെഷൻ കോടതി അപേക്ഷ ഫയലിൽ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബുധനാഴ്ച ജയിലിലെത്തി രാഹുലിനെ സന്ദർശിച്ചു.
രാഹുലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ചും നടന്നു. അതേസമയം, ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് നൽകാൻ സർക്കാർ ഡോക്ടർക്കുമേൽ സമ്മർദമുണ്ടായെന്ന ആരോപണം ഷാഫി പറമ്പിൽ എം.എൽ.എ ഉന്നയിച്ചിട്ടുണ്ട്.