യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഐ ഗ്രൂപ്പിൽനിന്ന് അഡ്വ. അബിൻ വർക്കിയാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. രാഹുൽ 221986 വോട്ടുകൾ നേടിയപ്പോൾ അബിൻ 168588 വോട്ടുകളാണ് നേടിയത്. ഫലം വന്നതിന് പിന്നാലെ സംഘടനയെ കൂടുതൽ മികവോടെ നയിക്കുമെന്ന് രാഹുൽ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകൾ അടക്കം 13 പേർ മത്സരംഗത്ത് ഉണ്ടായിരുന്നെങ്കിലും പ്രധാനമത്സരം രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും തമ്മിലായിരുന്നു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാണ് ഇരുവരും. 31,930 വോട്ടുകൾ നേടിയ അരിത ബാബുവാണ് മൂന്നാമത്. അബിൻ വർക്കി, അരിത ബാബു എന്നിവരടക്കം 10 പേർ വൈസ് പ്രസിഡന്റുമാരാകും. തെരഞ്ഞെടുപ്പ് നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലം വരുന്നത്. അഭിമുഖത്തിന് ശേഷമായിരിക്കും ഔദ്യോഗികമായി അധ്യക്ഷനെ പ്രഖ്യാപിക്കുക.
33കാരനായ രാഹുൽ അടൂർ സ്വദേശിയാണ്. ചാനൽ ചർച്ചകളിൽ സജീവമായി കോൺഗ്രസിനെ പ്രതിനിധീകരിക്കുന്ന നേതാവ് കൂടിയാണ് രാഹുൽ. കെപിസിസി അംഗമായ രാഹുൽ നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറിയായിരുന്നു. ഇപ്പോൾ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ഗവേഷണം ചെയ്യുകയാണ്. .