അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എം പി സ്ഥാനം തിരിച്ചു കിട്ടും. ഹർജിക്കാരന്റേത് മാത്രമല്ല, മണ്ഡലത്തിൽ തിരഞ്ഞെടുത്ത ജനങ്ങളുടെ അവകാശത്തെയും ബാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. രാഹുലിന്റെ ഹര്‍ജി ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് അനുവദിച്ചിരുന്നത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിച്ചത്. ഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് പരാതിക്കാരൻ.
കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ലോക്‌സഭ സെക്രട്ടേറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്കാണ് രാഹുലിന് ശിക്ഷ വിധിച്ചത്. അപകീര്‍ത്തി കേസില്‍ ലഭിക്കുന്ന പരാമാധി ശിക്ഷയാണ് കോടതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്.