ഇന്ത്യയുടെ ദേശീയ വിനോദം നിലവില്‍ ഹോക്കിയാണെങ്കിലും ജനപ്രീതിയുടെ കാര്യത്തില്‍ ക്രിക്കറ്റിനെ വെല്ലാന്‍ രാജ്യത്തു മറ്റൊരു ഗെയിം ഇല്ലെന്നു ആരും സമ്മതിക്കും. അതിശയിപ്പിക്കുന്ന ആരാധക പിന്തുണയാണ് ക്രിക്കറ്റിനു ഇന്ത്യക്കാര്‍ക്കു ഇടയിലുള്ളതെന്നു ടീമിന്റെ മല്‍സരങ്ങള്‍ക്കായി നിറഞ്ഞുകവിയുന്ന സ്റ്റേഡിയങ്ങള്‍ അടിവരയിടുകയും ചെയ്യുന്നു. ക്രിക്കറ്റും സിനിമയും തമ്മില്‍ അഭേദ്യമായ ബന്ധമുള്ളതെന്നു നമുക്കു കാണാന്‍ സാധിക്കും. ക്രിക്കറ്റ് പ്രമേയമാക്കി നിരവധി സിനിമകളും വിവധിധ ഭാഷകളിലായി വരികയും ചെയ്തിരുന്നു.
നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ചില വമ്പന്‍ താരങ്ങള്‍ സിനിമയില്‍ കഥാപാത്രമായി വരികയാണെങ്കില്‍ ആരൊക്കെയായിരിക്കും ഈ റോളുകള്‍ക്കു ഏറ്റവും അനുയോജ്യരായ നടന്‍മാരെന്നു പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമയിലെ ഹരമായ താരസുന്ദരി തമന്ന ഭാട്ടിയ. സ്റ്റാര്‍ സ്പോര്‍ട്സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രോഹിത്തിന്റെ റോളിലേക്കു താന്‍ തിരഞ്ഞെടുക്കുക തമിഴ് സിനിമകളിലൂടെ തുടങ്ങി ഇപ്പോള്‍ ബോളിവുഡില്‍ വരെ തന്റെ സാന്നിധ്യമറിയിച്ച വിജയ് സേതുപതിയെ ആയിരിക്കുമെന്നു തമന്ന ഭാട്ടിയ വ്യക്തമാക്കി. ഹിറ്റ്മാനെന്നു ലോകം വിശേഷിപ്പിക്കുന്ന രോഹിത്തിന്റെ വേഷം ഏറ്റവും നന്നായി അഭിനയിക്കാന്‍ സാധിക്കുക വിജയ് സേതുപതിക്കു ആയിരിക്കുമെന്നും തമന്ന അഭിപ്രായപ്പെട്ടു.
സൂപ്പര്‍ താര പദവിയിലേക്കു എത്തിനില്‍ക്കുന്ന ധനുഷാണ് ഹാര്‍ദിക് പാണ്ഡ്യയുടെ റോളിലേക്കു അനുയോജ്യനായ നടനെന്നു തമന്ന പറയുന്നു. ധനുഷിന്റെ വശീകരണ ശേഷിയും ഊര്‍ജവുമാണ് ഹാര്‍ദിക്കിന്റെ റോളിലേക്കു ധനുഷിനെ താന്‍ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്നു തമന്ന വ്യക്തമാക്കി
ജഡേജയുടെ റോളില്‍ ഏറ്റവും ബെസ്റ്റ് തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ അല്ലു അര്‍ജുനാണെന്നാണ് തമന്നയുടെ അഭിപ്രായം. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരുടെ നിരയിലാണ് ജഡ്ഡുവിന്റെ സ്ഥാനം. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി കളിയുടെ എല്ലാ മേഖലയിലും തന്റെ സാന്നിധ്യമറിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം.
വിരാട് കോലിയുടെ റോള്‍ വെള്ളിത്തിരയില്‍ അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യനായ നടന്‍ തെലുങ്കിലെ തന്നെ മറ്റൊരു സൂപ്പര്‍ താരമായ രാം ചരണ്‍ തേജയാണെന്നാണ് തമന്നയുടെ അഭിപ്രായം. രാജമൗലിയുടെ സംവിധാനത്തില്‍ പിറവിയെടുത്ത ആര്‍ആര്‍ആര്‍ എന്ന വമ്പന്‍ ഹിറ്റിലൂടെ രാജ്യം മുഴുവന്‍ ആരാധകരെ നേടിയെടുക്കാന്‍ മുന്‍ സൂപ്പര്‍ താരം ചിരഞ്ജീവിയുടെ മകന്‍ കൂടിയായ രാംചരണിനു സാധിച്ചിരുന്നു.