റബറിന്റെ വിലയിലുണ്ടായ ഇടിവ് കേന്ദ്ര സർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്ത ഫലമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയമാണെങ്കിലും റബ്ബർ കർഷകരെ സഹായിക്കാൻ വേണ്ടതെല്ലാം സംസ്ഥാനം ചെയ്യും. ഉത്പാദന ചെലവിന്റെ വർധനവും വില തകർച്ചയും കാരണം റബ്ബർ കർഷകർ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് മോൻസ് ജോസഫിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി. മന്ത്രിയുടെ മറുപടിയോടെ അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചു.
നാടിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന ഒന്നാണ് റബർ കൃഷി. റബറിന് താങ്ങു വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഉൽപ്പാദന ചെലവ് വർധിച്ച സാഹചര്യത്തിലാണ് 2021 ലെ ബജറ്റിൽ താങ്ങു വില ഉയർത്തിയത്. റബ്ബറിന്റെ താങ്ങുവില 150 രൂപയിൽ നിന്ന് 170 രൂപയായാണ് ഉയർത്തിയത്. താങ്ങു വില സംബന്ധിച്ച സഹായം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇത് വരെയും പരിഗണിച്ചില്ലെന്നും മന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തി. താങ്ങുവില 250 രൂപ ആയി ഉയർത്താൻ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള സർക്കാർ ആരംഭിച്ച RPIS സ്കീം ആണ് റബർ കർഷകരെ ഇപ്പോഴും ഈ മേഖലയിൽ തുടരാൻ സഹായിച്ചത്. റബർ കർഷകരുടെ പ്രതിസന്ധിയിലടക്കം കേന്ദ്രത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് വരണം. എന്നാൽ ദൗർഭാഗ്യവശാൽ പ്രതിപക്ഷം യോജിച്ചുള്ള സമരത്തിന് തയ്യാറാകുന്നില്ല.
ഇറക്കുമതി ചുങ്കം കൂട്ടിയാൽ പ്രതിസന്ധി പരിഹരിക്കില്ലേ എന്ന്ധനമന്ത്രി നിർമ്മല സീതാരാമനോട് ചോദിച്ചതാണ്. എന്നാൽ അത് കൊണ്ടു വന്നത് കോൺഗ്രസ്സ് ആണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ശക്തമായ നിലപാട് കേദ്രത്തിനെതിരെ സ്വീകരിക്കുകയല്ലാതെ മറ്റു വഴികളില്ല. സംസ്ഥാന സർക്കാർ റബർ ബോർഡുമായി ചർച്ച നടത്തുന്നില്ല എന്ന ആരോപണം ശരിയല്ല. 1993 കോടി രൂപ വിള ഇൻസെന്റീവ് ആയി സംസ്ഥാന സർക്കാർ കർഷകർക്ക് നൽകി. റബർ ബോർഡുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.