റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്നും ഒമാന്‍ മുസന്ദം ഗവര്‍ണറേറ്റിലേയ്ക്ക് ബസ് സര്‍വീസ് വരുന്നു. ഇതിനായി റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും മുസന്ദം മുനിസിപ്പാലിറ്റിയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. യാത്രാ സൗകര്യം ലളിതമാക്കുതിന്റെ ഭാഗമായാണ് കരാറെന്ന് റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. റാസല്‍ഖൈമയില്‍ നിന്നും ഒമാന്‍ മുസന്ദം ഗവര്‍ണറേറ്റിലേയ്ക്കുള്ള ആദ്യ അന്താരാഷ്ട്ര ബസ് സര്‍വീസാണ് ഇത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണ് പുതിയ തീരുമാനമെന്ന് റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഇസ്മായീല്‍ ഹസന്‍ അല്‍ ബ്ലൂഷി അറിയിച്ചു. യാത്രക്കാര്‍ക്ക് ഗതാഗത സേവനം കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് പുതിയ സേവനം ലക്ഷ്യമിടുന്നത്. അല്‍ദെയ്ദില്‍ നിന്ന് ആരംഭിക്കുന്ന ബസ് സര്‍വീസ് മുസന്ദം ഗവര്‍ണറേറ്റ് റസബിലെ വിലായത്തിലാണ് അവസാനിക്കുന്നത്. ഒരാള്‍ക്ക് 300 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെയായിരിക്കും ചെലവ് വരിക.