എയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂരിലേയ്ക്ക് സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും എയര്‍ അറേബ്യ നേരിട്ട് സര്‍വീസ് നടത്തുക. അതേസമയം സലാം എയറിന്റെ മസ്‌കത്ത്- കോഴിക്കോട് സര്‍വീസ് ഡിസംബര്‍ 17ന് ആരംഭിക്കും.വടക്കന്‍ എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കും യുഎഇയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും നേരിട്ടുള്ള വിമാന സര്‍വീസ് ഏറെ ഗുണകരമായിരിക്കും.
ഷാര്‍ജ, അബുദബി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തിയിരുന്ന എയര്‍ അറേബ്യ റാസല്‍ഖൈമയിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കരിപ്പൂരിലേയ്ക്കുള്ള എയര്‍ അറേബ്യയുടെ നേരിട്ടുള്ള സര്‍വീസ് ഇന്ന് ആരംഭിച്ചു. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസാണ് ഉണ്ടാകുക. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കരിപ്പൂരില്‍ ഇറങ്ങും. തിരിച്ച് കോഴിക്കോട് നിന്ന് 8.50ന് പുറപ്പെട്ട് റാസല്‍ഖൈമയില്‍ രാത്രി 11.25ന് ഇറങ്ങുന്ന തരത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കരിപ്പൂരിലെത്തും. വെള്ളിയാഴ്ച കരിപ്പൂരില്‍ നിന്നും വൈകിട്ട് 4.50ന് പുറപ്പെടുന്ന വിമാനം 7.25നാണ് റാസല്‍ഖൈമയില്‍ എത്തിച്ചേരുക.
ഒമാനിലേയ്ക്കുള്ള ബജറ്റ് എയര്‍ലൈനായ സലാം എയര്‍ കരിപ്പൂരിലേയ്ക്ക് ഡിസംബര്‍ 17 മുതല്‍ സര്‍വീസ് പുനരാംരംഭിക്കും. കരിപ്പൂരിന് പുറമേ തിരുവനന്തപുരം, ലഖ്‌നൗ, ഹൈദരാബാദ്, ജയ്പൂര്‍ വിമാനത്തിവളങ്ങളിലേയ്ക്കും സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.