2024 ന്റെ ആദ്യപകുതിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡുമായി ദുബൈ രാജ്യാന്തര വിമാനത്താവളം. 44.9 ദശലക്ഷം യാത്രക്കാരാണ് ദുബൈ വഴി സഞ്ചരിച്ചത്. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുമാണ് ഏറ്റവുമധികം യാത്രക്കാര്‍ ദുബൈയിലേക്ക് സഞ്ചരിച്ചത്.
ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കൈവരിക്കുകയാണ് ദുബൈ രാജ്യാന്തര വിമാനത്താവളം. യാത്രക്കാരുടെ പ്രധാന ഹബ്ബമായി മാറിയ ദുബൈയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 44.9 ദശലക്ഷം യാത്രക്കാരാണ് എത്തിയത്.
മുന്‍ വര്‍ഷത്തേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ എട്ട് ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇന്ത്യയാണ് യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍. 6.1 ദശലക്ഷമാണ് യാത്രക്കാരുടെ എണ്ണം. ഇന്ത്യയ്ക്ക് പിന്നിലായി സൗദിഅറേബ്യ 3.7 ദശലക്ഷവും, യുകെ 2.9 ദശലക്ഷവും, പാകിസ്ഥാന്‍ 2.3 ദശലക്ഷവുമാണ് യാത്രക്കാരുടെ എണ്ണം. 2,16,000 സര്‍വ്വീസുകളാണ് ദുബൈയില്‍ നിന്നും നടത്തിയത്. ജനുവരിയിലാണ് ഏറ്റവുമധികം യാത്രക്കാര്‍ സഞ്ചരിച്ചത്. 7.9 ദശലക്ഷമാണ് യാത്രക്കാരുടെ എണ്ണം. ഈ വര്‍ഷം അവസാനത്തോടെ യാത്രക്കാരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡ് ഭേതിക്കുമെന്നാണ് വിലയിരുത്തല്‍. 106 രാജ്യങ്ങളിലെ 269 നഗരങ്ങളുമായി ബന്ധിപ്പിച്ചാണ് ദുബൈ രാജ്യാന്താര വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
ആഗോള ബിസിനസ്, ടൂറിസം, ലോജിസ്റ്റിക്‌സ് ഹബ്ബ് എന്ന നിലയില്‍ ദുബൈയിലുടെ സ്ഥാനം ശക്തിപ്പെട്ടതായി ദുബൈ എയര്‍പോര്‍ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് അറിയിച്ചു. ചരക്ക് നീക്കത്തിലും ഏറ്റവും ഉയര്‍ന്ന വേഗത കൈവരിച്ചതായി പോള്‍ ഗ്രിഫിത്ത്‌സ് അറിയിച്ചു.