റിലീസ് ചെയ്ത് രണ്ടാം ദിനം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി കളക്റ്റ് ചെയ്തിരിക്കുകയാണ്. ആദ്യ ദിനത്തിൽ ആഗോളതലത്തിൽ 148.5 കോടിയാണ് സിനിമ കളക്റ്റ് ചെയ്തത്. ഇതിൽ 64.80 കോടി ഇന്ത്യയിൽ നിന്നായിരുന്നു. രണ്ടാം ദിനത്തിൽ കളക്ഷന് അല്പം കുറവുണ്ടായി. രണ്ടാം ദിനത്തിൽ 36 കോടിയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് വാരിയത്. ഇതോടെ രണ്ടു ദിവസം കൊണ്ട് സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം 100 കോടിയിൽ എത്തി.
തമിഴ്‌നാട്ടിൽ ചിത്രത്തിന്റെ കളക്ഷൻ മുന്നിലാണ്. തമിഴ്നാട്ടിൽ 24 കോടിയും, ആന്ധ്രാപ്രദേശ്-തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്ന് ആറ് കോടി രൂപ വീതവും നേടി. കർണാടകയിൽ ഇത് 4.50 കോടി രൂപയാണ്. ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് വന്നത്. വാരാന്ത്യത്തിൽ ചിത്രത്തിന് കളക്ഷൻ കൂട്ടനാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. പൂജ അവധി ആയതിനാൽ കൂടുതൽ കുടുംബ പ്രേക്ഷകർ തീയറ്ററുകളിൽ എത്തും.
വിജയിയുടെ ഒപ്പമുള്ള ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ ചിത്രമാണ് ലിയോ. മാസ്റ്ററാണ് ആദ്യ ചിത്രം. വിക്രം സിനിമയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ലോകേഷിന്റെ ചിത്രം കൂടി ആണ് ലിയോ. ലോകേഷ് കനകരാജിന്റെ മേക്കിങ്ങിനും സിനിമയുടെ സാങ്കേതിക മികവിനും വിജയ്‌യുടെ അഭിനയത്തിനും മികച്ച അഭിപ്രായം ഉണ്ട്.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താരനിരയാണ് ലിയോയിലുണ്ട്. അനിരുദ്ധ് രവിചന്ദ്രർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.