സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിരിക്കെ ആണ് മരണം.ഇടതുപക്ഷ രാഷ്ട്രീയത്തിലെ പ്രായോഗികവാദിയും ജനകീയനുമായ നേതാവാണ് വിടവാങ്ങിയിരിക്കുന്നത്.യെച്ചൂരിയുടെ ഭൗതിക ദേഹം ദില്ലി എയിംസിലെ വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യശാസ്ത്ര പഠനത്തിനായി വിട്ടുനല്‍കും.
സിപിഐഎം പലവിധ പ്രതിസന്ധികളെ നേരിട്ട ഘട്ടത്തില്‍ പതറാതെ ഒന്‍പത് വര്‍ഷക്കാലം ജനറല്‍സെക്രട്ടറിയായി നയിച്ച നേതാവാണ് വിടവാങ്ങിയത്. എഴുപത്തിരണ്ടാം വയസില്‍ ആണ് അന്ത്യം.കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലം ഇന്ത്യന്‍ പ്രതിപക്ഷ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശബ്ദമായിരുന്നു സീതാറാം യെച്ചൂരി.2004-ലെ ഒന്നാം യൂ.പി.എ സര്‍ക്കാരിന്റെ രുപീകരണം മുതല്‍ 2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ ചേരി ഇന്ത്യ സഖ്യമായി രൂപപ്പെടുന്നത് അടക്കമുള്ള ബിജെപി വിരുദ്ധ നീക്കങ്ങളില്‍ യെച്ചൂരിയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു.1952 ഓഗസ്റ്റ് പന്ത്രണ്ടിന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്.പിന്നീട് പേരില്‍ നിന്നും ജാതിവാല്‍ മുറിച്ച് സീതാറാം യെച്ചുരിയായി.സമ്പന്നബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച യച്ചുരി ജെ.എന്‍.യുവിലെ ബിരുദാന്തരപഠനകാലത്താണ് മാര്‍ക്‌സിസത്തില്‍ ആകൃഷ്ടനായത്.
പ്രകാശ് കാരാട്ടിന് ഒപ്പം 1970-കളുടെ തുടക്കത്തില്‍ എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച യെച്ചുരി എഴുപത്തിയഞ്ചില്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായി. 1978-ല്‍ എസ്എഫ്‌ഐ ദേശിയ ജോയിന്റ് സെക്രട്ടറിയും 84-ല്‍ ദേശീയപ്രസിഡന്റുമായി. ആ വര്‍ഷം തന്നെ സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ ക്ഷണിതാവും തൊട്ടടുത്ത വര്‍ഷം അംഗവുമായി യെച്ചുരി.1992-ല്‍ ആണ് സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ യെച്ചുരി എത്തുന്നത്.2005-ല്‍ ആണ് രാജ്യസഭാംഗമായി യെച്ചുരി പാര്‍ലമെന്റി രാഷ്ട്രീയത്തിലേക്കും യെച്ചുരി എത്തി.2017 വരെ പശ്ചിമബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായി തുടര്‍ന്നു.2015-ല്‍ ആണ് സിതാറാം യെച്ചുരി സിപിഐഎം ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തിയത്.
ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ പ്രതിപക്ഷ ശബ്ദം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന ഘട്ടത്തിലാണ് അതിന് വേണ്ടി ഏറ്റവും അധികം യത്‌നിച്ചവരില്‍ ഒരാള്‍ വിടവാങ്ങുന്നത്.പ്രത്യയശാസ്ത്രത്തെ കൈവിടാതെ പ്രായോഗിക രാഷ്ട്രിയത്തെ മുറുകെപിടിച്ച നേതാവ് കൂടിയാണ് മടങ്ങുന്നത്.രാഷ്ട്രിയത്തിന് അതീതമായി ദില്ലി രാഷ്ട്രീയത്തിലെ പലമുതിര്‍ന്ന നേതാക്കളുടെയും പ്രിയസുഹൃത്ത് കൂടിയാണ് കാലയവനികയ്ക്കുള്ളില്‍ മറയുന്നത്.