പേജര്‍-വോക്കിടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ലബനനില്‍ രൂക്ഷമായ വ്യോമാക്രമണവുമായി ഇസ്രയേല്‍. നൂറുകണക്കിന് ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. ഇസ്രയേല്‍ നടത്തുന്നത് യുദ്ധപ്രഖ്യാപനം ആണെന്നും എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ള പറഞ്ഞു.ആശയവിനിമയ ഉപകരണങ്ങള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 37 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം വ്യോമാക്രണം നടത്തിയ ലബനനെ ഭീതിയിലാഴ്ത്തിയത്.
തലസ്ഥാനമായ ബെയ്‌റൂട്ടില്‍ അടക്കം ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ താഴ്ന്നുപറന്ന് ഭീതിപരത്തി.ഹിസ്ബുള്ളയുടെ നൂറുകണക്കിന് റോക്കറ്റ് ലോഞ്ചറുകള്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ പ്രതിരോധസേന അവകാശപ്പെട്ടു. ഒക്ടോബര്‍ ഏഴിന് ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ വ്യോമാക്രമണം ആണ് ഇസ്രയേല്‍ ഇന്നലെ ലബനനില്‍ നടത്തിയതെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയത്. രാത്രി ഒന്‍പത് മണിക്ക് ശേഷം മാത്രം ദക്ഷിണ ലബനനില്‍ അന്‍പത്തിരണ്ട് ആക്രമണങ്ങള്‍ ആണ് നടത്തിയത്. ഇത് യുദ്ധത്തിന്റെ പുതിയ ഘട്ടം ആണെന്നും ഹിസ്ബുള്ളയ്ക്ക് എതിരായ ആക്രമണം തുടരും എന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റ് പറഞ്ഞു.
ഇസ്രയേലിന്റെ വടക്കന്‍ മേഖലയിലുള്ളവരെ സുരക്ഷിതരായി വീടുകളില്‍ തിരികെ എത്തിക്കുക എന്നതാണ് ലക്ഷ്യം എന്നും യോവ് ഗല്ലാന്റ് പറഞ്ഞു. ഇസ്രയേല്‍-ഹിസ്ബുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചതിന് പിന്നാലെ അറുപതിനായിരത്തിലധികം ജനങ്ങളെയാണ് ഇസ്രയേല്‍ ലബനന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചത്.ഇസ്രയേലും-ഹിസ്ബുള്ളയും അടിയന്തരമായ സമാധാനത്തിന്റെ പാതയിലേക്ക് എത്തണം എന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നും ബ്രിട്ടന്‍ അടക്കമുള്ള രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു.അതെസമയം പേജര്‍-വോക്കി ടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെ ആസൂത്രണം സംബന്ധിച്ച ദുരൂഹത തുടരുകയാണ്.സുരക്ഷാ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം ഹിസ്ബുള്ള ആരംഭിച്ചിട്ടുണ്ട്.