ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ കനത്ത ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. പതിനെട്ട് പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതിനിടെ ഹസ്സന്‍ നസ്രല്ലയുടെ പിന്‍ഗാമി ഹാഷിം സഫിയീദിന്‍ കൊല്ലപ്പെട്ടെന്ന് ഹിസ്ബുള്ള ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തെക്കന്‍ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണങ്ങളില്‍ ആണ് നാല് കുട്ടികള്‍ അടക്കം പതിനെട്ട് പേര്‍ കൊല്ലപ്പെട്ടത്. ലബനനിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയായ റഫിക് ഹരിരി ഹോസ്പിറ്റലിന് തൊട്ടുസമീപത്തായിരുന്നു ആക്രമണം. മുന്നറിയിപ്പ് പോലും നല്‍കാതെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിരവധി പേരെ കണ്ടെത്താനുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.ആശുപത്രിക്ക് സമീപത്തുള്ള ഹിസ്ബുള്ള കേന്ദ്രം ആണ് ആക്രമിച്ചത് എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ അവകാശവാദം.
ഇതിനിടെ ഹാഷിം സഫിയീദിന്റെ മരണം ഹിസ്ബുള്ള ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൂന്നാഴ്ച്ച മുന്‍പ് ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ സഫിയൂദ്ദീന്‍ കൊല്ലപ്പെട്ടെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കുന്നത്. മഹാനായ നേതാവും മഹാനായ രക്തസാക്ഷിയും എന്നാണ് കൊല്ലപ്പെട്ട ഹാഷിം സഫിയൂദ്ദിനെ ഹിസ്ബുള്ള വിശേഷിപ്പിച്ചത്. .