ലഹരിക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിക്കെതിരെ ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കും. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷൈന്‍ ടോം ചാക്കോയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ദുര്‍ബലമായ എഫ്‌ഐആറാണ് പൊലീസ് ചുമത്തിയിരിക്കുന്നത് എന്ന നിയമോപദേശം ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ചിരിക്കുന്നത്.എഫ്‌ഐആര്‍ റദ്ദാക്കാനുള്ള സാധ്യത തേടി ഷൈന്‍ അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്.ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷം ഫലം അനുകൂലമെങ്കില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ നിയമനടപടികള്‍ തുടങ്ങിയേക്കും. ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ എന്‍ഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കല്‍ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകള്‍ക്കും ശേഷമാണ് ഷൈന് പുറത്തിറങ്ങിയത്. ഷൈന്‍ തെളിവ് നല്‍കാതിരിക്കാന്‍ ആണ് ഹോട്ടലില്‍ നിന്നും ഓടി രക്ഷപെട്ടതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുര്‍ഷിദ് എന്നയാളുമായി ഹോട്ടല്‍ മുറിയില്‍ എത്തിയത് എന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നുണ്ട്. ഇയാളെയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈന്‍ ടോം ചാ്‌ക്കോയെ പൊലീസ് ചോദ്യം ചെയ്യും.കേസിലെ മുഖ്യപ്രതി തസ്ലീമയെ അറിയാം എന്ന് ഷൈന്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.