തൃശൂരിൽ പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ സംഘം അറസ്റ്റില്‍. അഴീക്കോട് അയ്യാരില്‍ അഹമ്മദ് ഹാബില്‍, പൊടിയന്‍ ബസാര്‍ ചെമ്പനെഴത്തു സൂര്യ, മേത്തല ഉണ്ടേക്കടവ് പെരിങ്ങാട്ട് പ്രണവ് എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വില കൂടിയ വാച്ചുകളും വീട്ടിലെ ഉപകരണങ്ങളും കാറിന്റെ ബാറ്ററിയും മോഷ്ടിച്ച പത്തോളം പേരുടെ സംഘത്തിലെ അംഗങ്ങളാണ് ഇവർ.
തൃശൂർ ജിബി നിലയം വീട്ടിൽ ഭാഗ്യലക്ഷ്മിയുടെ രണ്ടുമാസമായി പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. മോഷണ മുതലുകള്‍ പലപ്പോഴായി വിറ്റശേഷം കിട്ടിയ പണം ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇവർ മുമ്പും പല സ്റ്റേഷനുകളിലെയും മോഷണ കേസുകളില്‍ പ്രതികളാണ്. സംഘത്തിലെ മറ്റ് അംഗങ്ങളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതികളായ മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.
വിദേശത്തുള്ള വീട്ടുടമയുടെ ബന്ധുവിന്റെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികള്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.