മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സമസ്തയെ ക്ഷണിക്കാത്തതില്‍ അപാകതയില്ലെന്ന് എം കെ മുനീര്‍. രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലാണ് സമ്മേളനം നടത്തുന്നത്. അന്തര്‍ദേശീയ വിഷയങ്ങളില്‍ പലപ്പോഴും വലിയ സാന്നിധ്യമായി മാറിയിട്ടുള്ള പ്രസ്ഥാനമാണ് ലീഗ്. ഇങ്ങനെ ഒരു മനുഷ്യാവകാശ റാലി നടത്തുക എന്നത് മുസ്ലീംലീഗിന്റെ ഉത്തരവാദിത്തമാണെന്നും അതിനപ്പുറം മറ്റൊന്നും ഈ ഘട്ടത്തില്‍ ആലോചിച്ചിട്ടില്ലെന്നും മുനീര്‍ പറഞ്ഞു.
ലീഗ് റാലി തെരഞ്ഞെടുപ്പ് പരിപാടി അല്ല. ഓരോത്തതരും സ്വന്തം നിലയില്‍ പ്രതിഷേധിക്കണം. ഇതില്‍ ആരെ വിളിക്കണം എന്നതല്ല പ്രധാനം, ലീഗ് എന്ത് നിലപാട് എടുക്കുന്നു എന്നതാണെന്നും മുനീർ പറഞ്ഞു. ഇപ്പോൾ നടക്കുന്ന യുദ്ധത്തില്‍ ഐക്യരാഷ്ട്ര സഭ നോക്കുകുത്തിയാണെന്നും ഇസ്രായേല്‍ യഥാര്‍ഥ തെമ്മാടി രാഷ്ട്രമാണെന്നും അദ്ദേഹം ആരോപിച്ചു.പരിപാടിയുടെ മുഖ്യാതിഥിയായി ശശി തരൂരിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയ്ക്കല്ല. അദ്ദേഹം ഒരു ഇൻ്റർനാഷണല്‍ ഫിഗര്‍ ആണ്. ഐക്യരാഷ്ട്ര സഭയിൽ ഏറെക്കാലം ഉണ്ടായിരുന്ന വ്യക്തിയാണ് തരൂർ. പലസ്തീന്റെ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് എന്തെന്ന് അറിയാവുന്ന ആളെന്ന നിലയിലും പലസ്തീൻ വിഷയത്തിൽ സംസാരിക്കാന്‍ കഴിയുന്ന വ്യക്തി എന്ന നിലയിലുമാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും മുനീർ പറഞ്ഞു.
മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാ റാലി വൈകിട്ട് മൂന്ന് മുതല്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മുഖ്യാതിഥിയാകും. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് റാലി ഉദ്ഘാടനം ചെയ്യുക. സമസ്തയുമായുള്ള വിവാദങ്ങള്‍ക്ക് ശേഷം നടക്കുന്ന പ്രധാന പരിപാടി എന്ന നിലയില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ഒരുക്കത്തിലാണ് ലീഗ്. റാലിയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.