ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം.ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടക്കാല ജാമ്യത്തിലായിരുന്നു ശിവശങ്കര്‍. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം.
ശിവശങ്കറിന് നട്ടെല്ല് പൊടിയുന്ന ഗുരുതര അസുഖമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. രോഗം സുഷ്മനാനാഡിയെയും ബാധിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. ദീർഘനേരം നിൽക്കുന്നത് ശരീരത്തെ ബാധിക്കും. ആവശ്യമെങ്കിൽ ശസ്ത്രക്രിയയുടെ ആവശ്യവും ചൂണ്ടിക്കാട്ടുന്നു. ഇ.ഡിയുടെ ആവശ്യപ്രകാരം പുതുച്ചേരി ജിപ്മറിൽ നടത്തിയ മെഡിക്കൽ പരിശോധനയുടെ റിപ്പോർട്ടാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ശിവശങ്കറിന് ഗുരുതര രോഗമില്ലെന്നായിരുന്നു ഇ.ഡിയുടെ വാദം.
ചികിത്സാ കാരണങ്ങളാല്‍ ജാമ്യം അനന്തമായി നീട്ടരുതെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം. ഓഗസ്റ്റ് രണ്ടിനാണ് സുപ്രിംകോടതി ഇടക്കാല ജാമ്യം നല്‍കിയത്. ഇതിന് ശേഷം രണ്ട് തവണ സുപ്രിംകോടതി ശിവശങ്കറിന് ഇടക്കാല ജാമ്യം നീട്ടി നല്‍കി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടത്.
യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി കോഴയായി നൽകിയാണ് യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇ.ഡി കേസ്. ശിവശങ്കറിനു കോഴയായി പണം നൽകിയെന്നും ഈ പണമാണ് സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽ കണ്ടെത്തിയതെന്നുമാണ് ആരോപണം. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കർ സുപ്രിംകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും സരിത്തുമടക്കമുള്ള യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണ്. മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷന്‍ കേസ് എന്നും ഹര്‍ജിയില്‍ ശിവശങ്കർ പറഞ്ഞിരുന്നു.