ദുബൈ: ലോകത്തിലെ തന്നെ ഏറ്റവും വിലിയ കാര്‍ മാര്‍ക്കറ്റ് നിര്‍മ്മിക്കാനൊരുങ്ങി ദുബൈ. പദ്ധതിയ്ക്കായി ദുബൈ മുനിസിപ്പാലിറ്റിയും ഡിപി വേള്‍ഡും കമ്മില്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. രണ്ട് കോടി ചതുരശ്ര മീറ്റര് വിസ്തീര്‍ണത്തിലായിരിക്കും കാര്‍ മാര്‍ക്കറ്റ് പണിയുക. ലോകത്തിലെ വാഹന പ്രേമികളുടെയും കമ്പനികളുടെയും മുഖ്യ ആകര്‍ഷണമാകുകയാണ് ദുബൈ. പ്രമുഖ വാഹന നിര്‍മ്മാതാക്കളെയും നിക്ഷേപകരെയും ദുബൈയിലേക്ക് ആകര്‍ഷിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റ് ദുബൈയില്‍ നിര്‍മ്മിക്കുന്നത്. പദ്ധതിയ്ക്കായി ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്‌റിയും ഡിപി വേള്‍ഡ് സിഇഒ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായമും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. ദുബൈ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തും ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് മക്തുമിന്റെ സാന്നിദ്യത്തിലായിരുന്നു കരാറില്‍ ഒപ്പുവെച്ചത്. ദുബൈയുടെ സമഗ്ര സാമ്പത്തിക വികസന പദ്ധതിയായ ഡി33യുടെ ഭാഗമായാണ് കാര്‍ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. ഓട്ടമോട്ടീവ് രംഗത്തെ ആഗോള പ്രധാന സമ്മേളനങ്ങളും പരിപാടികള്‍ക്കും ആതിഥ്യം വഹിക്കാനും കാര്‍ മാര്‍ക്കറ്റില്‍ സൗകര്യമുണ്ടാകും. ദുബൈ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കാനും 2033ല്‍ മികച്ച മൂന്ന് സാമ്പത്തിക നഗരങ്ങളിലൊന്നായി ദുബൈയെ മാറ്റാനുമാണ് ശ്രമിക്കുന്നതെന്ന് ഷെയ്ഖ് മക്തൂം പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതി.