അബുദബി രാജ്യാന്തരവിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ നവംബറില്‍ തുറക്കും. ടെര്‍മിനല്‍-A ആണ് യാത്രക്കാര്‍ക്കായി തുറക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനലുകളില്‍ ഒന്നായിരിക്കും ടെര്‍മിനല്‍-A.നിര്‍മ്മാണഘട്ടത്തില്‍ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ എന്നറിയപ്പെട്ടിരുന്ന ടെര്‍മിനല്‍-A നവംബറിന്റെ തുടക്കത്തില്‍ തുറക്കുമെന്ന് അബുദബി എയര്‍പോര്‍ട്‌സ് അറിയിച്ചു.
7,42000 ചതുരശ്രമീറ്ററില്‍ ആണ് ടെര്‍മിനല്‍-A നിര്‍മ്മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 11,000 യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം പുതിയ ടെര്‍മിനലില്‍ ഉണ്ട്. പ്രതിവര്‍ഷം 45 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. കൂടുതല്‍യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനും ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയാണ് പുതിയ ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്റര്‍കണക്റ്റഡ് ബയോമെട്രിക് സംവിധാനം അടക്കം ഇമിഗ്രഗേഷന്‍ നടപടിക്രമങ്ങള്‍ക്കായി അത്യാധുനിക സൗകര്യങ്ങളും പുതിയ ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്.
സെല്‍ഫ് സര്‍വീസ് കിയോസ്‌കുകളും,കാര്യക്ഷമത വര്‍ദ്ധിപ്പിച്ച സെക്യുരിറ്റി ചെക്ക് പോയിന്റുകളും ടെര്‍മിനല്‍ എ-യില്‍ ഒരുക്കിയിട്ടുണ്ട്. ബാഗ്ഗേജ് കൈകാര്യം ചെയ്യുന്നതിനും അത്യാധുനിക സംവിധാനം ആണ് ക്രമീകരിച്ചിരിക്കുന്നത്. 2012-ല്‍ ആണ് ടെര്‍മിനല്‍ A-യുടെ നിര്‍മ്മാണം ആരംഭിച്ചത്. 1080 കോടി ദിര്‍ഹം ആണ് ആരംഭഘട്ടത്തില്‍ നിര്‍മ്മാണച്ചെലവ് കണക്കാക്കിയിരുന്നത്.