എല്ലാവരും ഒത്തുചേർന്നാൽ അസാധ്യമായത് ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിലെ തന്നെ പ്രമുഖ തുറമുഖങ്ങൾക്കൊപ്പമാണ് വിഴിഞ്ഞമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഭിമാന പദ്ധതിയാണിത്. ചില രാജ്യാന്തര ലോബികളും വാണിജ്യ ലോബികളും ഇതിനെതിരെ നീക്കം നടത്തി. അവർ പ്രത്യേക രീതിയിൽ ഇതിനെതിരെ രംഗത്തുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിക്കാൻ നമുക്കായി എന്നും പിണറായി പറഞ്ഞു.
തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌താണ് സ്വീകരിച്ചത്. വാട്ടർ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. തുടർന്ന് കരിമരുന്ന് പ്രയോഗവും നടന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രിയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
ഇത് പോലെയുള്ള 8 കപ്പലുകൾ കൂടി ഇനി അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞം തുറമുറത്തേക്ക് വരുമെന്ന് പിണറായി വിജയൻ പറഞ്ഞു. ആറ് മാസത്തിനുള്ളിൽ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖം, കേരളം ഇന്ത്യക്ക് നൽകുന്ന മഹത്തായ സംഭവനയാണ്. തുറമുഖത്തോടനുബന്ധിച്ച് വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ തുരങ്കപാത നിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. പോർട്ടിനെ ദേശീയപാത 66നോട് ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിനുള്ള ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡ് വികസിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. 6000 കോടി ചെലവഴിച്ച് നിർമിക്കുന്ന ഔട്ടർ റിങ് റോഡ് വികസിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. 6000 കോടി ചെലവഴിച്ച് നിർമിക്കുന്ന ഔട്ടർ റിങ് റോഡ് കൂടി വരുന്നതോടെ വലിയ നേട്ടമാകും. 5000ത്തിലധികം തൊഴിൽ അവസരങ്ങളാണ് ഇവിടെ പുതുതായി വരുന്നത്. തുറമുഖം യാഥാർഥ്യമാകുന്നതോടെ കേരളം കണ്ടെയ്നർ നീക്കത്തിന്റെ കേന്ദ്രമായി മാറും. വ്യവസായങ്ങൾക്കും വലിയ സാധ്യതയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.