Sunday, September 8, 2024
HomeNewsNationalലോക്സഭയിൽ യുവാക്കളുടെ പ്രതിഷേധം: അംഗങ്ങൾക്ക് നേരെ കളര്‍ സ്‌പ്രേ പ്രയോഗം; നാലുപേർ കസ്റ്റഡിയിൽ

ലോക്സഭയിൽ യുവാക്കളുടെ പ്രതിഷേധം: അംഗങ്ങൾക്ക് നേരെ കളര്‍ സ്‌പ്രേ പ്രയോഗം; നാലുപേർ കസ്റ്റഡിയിൽ

ലോക്സഭയിൽ സുരക്ഷാ വീഴ്ചയ ഉണ്ടായ സംഭവത്തിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ഒരു യുവതി ഉൾപ്പടെ പ്രതിഷേധം നടത്തിയ നാല് പേരെയാണ് ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലുള്ളവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കി. മൈസൂർ സ്വദേശികളായ സാഗർ ശർമയും മനോരഞ്ജനുമാണ് പാർലമെൻ്റിനുള്ളിൽ പ്രതിഷേധിച്ചത്.

ബെംഗളൂരു സർവകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് സാഗർ ശർമ. പാർലമെൻ്റിന് പുറത്ത് പ്രതിഷേധിച്ച നീലം ഹരിയാനയിലെ ഹിസാർ സ്വദേശിയാണ്. മറ്റൊരാൾ അമോൽ ഷിൻഡെയാണ്. കസ്റ്റഡിയിൽ എടുത്ത നാല് പേരെയും ദില്ലി പൊലീസാണ് ചോദ്യം ചെയ്യുന്നത്. പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്. ദില്ലി പൊലീസിനൊപ്പം തീവ്രവാദ വിരുദ്ധ സ്ക്വാഡും ഇവരെ ചോദ്യംചെയ്തുവരികയാണ്. ഒരു സംഘടനയുമായും ബന്ധമില്ലെന്ന് യുവതി മൊഴി നൽകിയതായാണ് വിവരം.

ലോക്സഭയിൽ പ്രതിഷേധിച്ച വ്യക്തിയുടെ പാസിൽ രേഖപ്പെടുത്തിയിരിക്കുന്നത് സാഗർ ശർമ്മയെന്ന പേരും കർണാടക സ്വദേശിയെന്നുമാണ്. മൈസൂർ-കൊടക് എംപി പ്രതാപ് സിൻഹയുടെ ഒപ്പാണ് പാസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബിജെപി എംപിയുടെ പാസ് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുകയാണ്. തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധമെന്ന് പിടിയിലായ നീലം മൊഴി നൽകിയതായാണ് സൂചന. തൊഴിലില്ലായ്മ, മണിപ്പൂർ വിഷയങ്ങളിലാണ് പ്രതിഷേധമുണ്ടായത്.

നീലത്തിന്റെയും അമേലിന്റെയും കൈവശം മൊബൈൽ ഇല്ലായിരുന്നു. ഇവരുടെ കൈവശം ബാഗുകളോ തിരിച്ചറിയൽ കാർഡോ ഉണ്ടായിരുന്നില്ല. പാർലമെൻ്റ് പരിസരത്ത് എത്തിയത് ആരുടെയും സഹായമില്ലാതെയെന്നാണ് മൊഴി. ഇതിനിടെ കസ്റ്റഡിയിലെടുത്ത നാല് പേരെയും ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അന്വേഷണ സംഘം പ്രതികളുടെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്നും ഐ ബി വ്യക്തമാക്കി.

ശൂന്യവേളയിൽ സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തിലേ‍ക്കും എംപിമാര്‍ക്കിടയിലേക്കും പ്രതിഷേധക്കാർ ചാടുകയായിരുന്നു. മേശപ്പുറത്ത് കൂടി ചാടി മുന്നോട്ട് നീങ്ങി. സ്പീക്കറുടെ ചേംബര്‍ ലക്ഷ്യമിട്ടാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. നാലാമത്തെ നിരയിലെത്തിയപ്പോള്‍ ഇവരെ പിടികൂടി. ഒരാളെ എംപിമാരും മറ്റൊരാളെ സുരക്ഷാ ഉദ്യോഗസ്ഥരുമാണ് പിടികൂടിയത്. പ്രതിഷേധക്കാര്‍ അംഗങ്ങൾ ഇരിക്കുന്നിടത്ത് കളര്‍ സ്‌പ്രേ പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ ഷൂവെറിയാനും പ്രതിഷേധക്കാർ ശ്രമിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നുമാണ് സ്പീക്കർ ഓം ബിർള വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ലോക്സഭ നടപടി ക്രമങ്ങൾ പുനരാരംഭിച്ചപ്പോഴാണ് സ്പീക്കർ സാഹചര്യം സഭയിൽ വിശദീകരിച്ചത്.

എംപിമാരുടെ ആശങ്ക മനസിലാക്കുന്നെന്ന് സ്പീക്കർ ഓം ബിർള വ്യക്തമാക്കി. കൂടുതൽ ജാഗ്രത പാലിക്കുന്നതിൽ ചർച്ചയാകാമെന്ന് സ്പീക്കർ പറഞ്ഞു. ഓരോ എംപിമാർക്കും നിർദേശം നൽകാമെന്നും സ്പീക്കർ വ്യക്തമാക്കി. ആശങ്ക ഉണ്ടാക്കുന്ന സംഭവമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. പ്രമുഖര്‍ സഭയില്‍ ഉള്ളപ്പോഴായിരുന്നു സംഭവമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. എംപിമാര്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നും ഭീതിയുടെ നിമിഷങ്ങളെന്നും അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. വലിയ സുരക്ഷാ വീഴ്ചയെന്നാണ് ജോണ്‍ ബ്രിട്ടാസ് എം പി ആരോപിക്കുന്നത്. ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും ഗുരുതര വീഴ്ചയുണ്ടായെന്നും ജോണ്‍ ബ്രിട്ടാസ് ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments