ഇസ്രയേല്‍ പ്രവേശനം അനുവദിച്ചതോടെ വടക്കന്‍ ഗാസയിലേക്ക് പലസ്തീനികള്‍ തിരികെ എത്തിത്തുടങ്ങി.പതിനായിരങ്ങളാണ് സ്വദേശത്തേക്ക് മടങ്ങി എത്തുന്നത്.വെടിനിര്‍ത്തിലിന്റെ ഒന്നാംഘട്ടത്തില്‍ മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രവേശനം അനുവദിച്ചത്.
ഇന്ന് രാവിലെയാണ് വടക്കന്‍ ഗാസയിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങള്‍ ഇസ്രയേല്‍ സൈന്യം തുറന്നത്.ഇതോടെ കാല്‍നടയായും വാഹനങ്ങളിലും പലസ്തീനികള്‍ സ്വദേശത്തേക്കുള്ള മടക്കയാത്ര ആരംഭിച്ചു.കര്‍ശനപരിശോധനയ്ക്ക്് ശേഷം ആണ് വാഹനങ്ങള്‍ വടക്കന്‍ ഭാഗത്തേക്ക് കടത്തിവിടുന്നത്.വാഹനങ്ങളില്‍ ഹമാസ് ആയുധങ്ങള്‍ കടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന.ആറുലക്ഷത്തോളം പലസ്തീനികള്‍ ആണ് ഗാസയുടെ വടക്കന്‍ ഭാഗത്തേക്ക് മടങ്ങുന്നതിന് കാത്തുനിന്നത്.ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട അവസ്ഥയില്‍ ആണ് വടക്കന്‍ ഗാസ.വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്.
ആദ്യഘട്ടത്തിലെ ബന്ദിമോചനത്തില്‍ ഹമാസ് കരാര്‍ ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ വടക്കാന്‍ ഗാസയിലേക്കുള്ള പ്രവേശനം നിഷേധിച്ചത്.അര്‍ബേല്‍ യെഹൂദ് എന്ന ഇരുപത്തിയെട്ടുകാരിക്ക് ശനിയാഴ്ച മോചനം നല്‍കാതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.പകരം നാല് ഇസ്രയേലിന് സൈനികരെയാണ് ഹമാസ് മോചിപ്പിച്ചത്.തുടര്‍ന്ന് ഖത്തര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകളിലാണ് പ്രശ്‌നം പരിഹരിച്ചത്.അടുത്ത വ്യാഴാഴ്ച അര്‍ബേല്‍ യെഹൂദ് അടക്കം മൂന്ന് ബന്ദികള്‍ക്ക് ഹമാസ് മോചനം നല്‍കും.ശനിയാഴ്ച മറ്റ് മൂന്ന് ബന്ദികള്‍ക്ക് കൂടി മോചനം നല്‍കും എന്നാണ് പ്രതീക്ഷ.