വണ്ടിപ്പെരിയാർ കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ എന്തുസംഭവിച്ചു എന്ന് പരിശോധിക്കും.പ്രതിയെ വെറുതെവിട്ട സംഭവം സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല. ഇത് ഗൗരവമായി പരിഗണിക്കും. ആവശ്യമായ തുടർനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്പീൽ പോകുന്നതിന് സർക്കാർ തീരുമാനിച്ചുവെന്നും കോടതി വിധി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കേസിൽ പ്രതിക്കെതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ അനുമതി ലഭിച്ചാലുടൻ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു.
2021 ജൂണ്‍ 30നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായാതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടയിരുന്നു. പൊലീസ് അന്വേഷണത്തിൽ സമീപവാസികൂടിയായ അര്‍ജുൻ പിടിയിലായി. അര്‍ജുനെ കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു. പ്രതിക്കെതിരായ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്