വയനാട് വാകേരിയിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കി വനംവകുപ്പ്. മൂന്ന് സംഘമായി തിരിഞ്ഞാണ് പരിശോധന. ആർ ആർ ടി യും വനം വകുപ്പുജീവനക്കാരുമാണ് തിരച്ചിൽ നടത്തുന്നത്. കടുവയെ പിടികൂടാൻ പ്രദേശത്ത് കൂടുതൽ ക്യാമറകൾ സ്ഥാപിക്കും.
കഴിഞ്ഞ ദിവസമാണ് വയനാട് സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രജീഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്നാണ് ഇവർ പ്രജീഷിനെ അന്വേഷിച്ചത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
അതെസമയം കടുവയെ ആവശ്യമെങ്കിൽ വെടിവെച്ചു കൊല്ലാമെന്ന് ഉത്തരവ്. സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാനായില്ലെങ്കിൽ കടുവയെ കൊല്ലാം എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാനുള്ള അനുമതി സൗത്ത് വയനാട് ഡി.എഫ്.ഒ. തേടിയിരുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം സംസ്കരിച്ചു. മൂടക്കൊല്ലി കൂടല്ലൂരിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു.