വയനാട് ഉരുള്‍പൊട്ടലില്‍ മരണം 369 ആയി ഉയര്‍ന്നു.205 പേരെയാണ് ഇനി കണ്ടെത്താന്‍ ഉള്ളത്. ആറാം ദിനവും ദുരന്തഭൂമിയില്‍ റഡാറുകള്‍ അടക്കമുള്ള ഉപകരണങ്ങളുമായി പരിശോധന തുടര്‍ന്നു.മുണ്ടക്കൈ പുഞ്ചിരിമട്ടം പ്രദേശങ്ങളില്‍ ആണ് ഇന്ന് പ്രധാനമായും പരിശോധന നടന്നത് . ഏഴ് കേന്ദ്രങ്ങളിലായിരുന്നു. ദൗത്യസംഘത്തിന്റെ തെരച്ചില്‍. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ചൂരല്‍മല അങ്ങാടിയില്‍ നിന്നാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ചാലിയാറിലും സമീപത്തെ വനത്തിലും ഇന്നും പരിശോധന നടത്തി..ശരീരഭാഗങ്ങള്‍ അടക്കം 213 മൃതദേഹങ്ങള്‍ ആണ് ചാലിയാറില്‍ നിന്നും ലഭിച്ചത്. ഇന്നും ചാലിയാര്‍ പുഴയുടെ വശങ്ങളില്‍ നിന്നും മൃതദേഹം ലഭിച്ചു.കാണാതായവരെ കുറിച്ച് ഇപ്പോഴും കൃത്യമായ കണക്കുകള്‍ ഇല്ല. 205 പേരെ ഇനി കണ്ടെത്താനുണ്ടെന്നാണ് വിവരം. കാണാതായവരുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിന് ഒരു സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതിനിടെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മുണ്ടക്കൈ ചൂരല്‍മല പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.ദുരിതാശ്വാസ ക്യാമ്പുകളിലും സുരേഷ് ഗോപി സന്ദര്‍ശനം നടത്തി.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.രാജ്യം വയനാടിനെ സഹായിക്കാന്‍ ഉണ്ടാകും എന്നും സുരേഷ് ഗോപി പറഞ്ഞു.