വയനാട് ദുരന്തത്തില്‍ മരണം 317-ആയി വര്‍ദ്ധിച്ചു.ഇരുനൂറിലധികം പേരെ ആണ് ഇനി കണ്ടെത്താനുള്ളത്. ഇതിനിടെ മുണ്ടക്കൈയിലെ തകര്‍ന്ന വീട്ടില്‍ നിന്നും നാല് പേരെ സൈന്യം ജീവനോട് കൂടി രക്ഷപെടുത്തി.ബെയ്‌ലിപാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ കൂടുതല്‍ സന്നാഹങ്ങള്‍ എത്തിച്ചാണ് നാലാം ദിവസത്തെ തെരച്ചില്‍. ഇതുവരെ കണ്ടെടുത്തതില്‍ എഴുപത്തിനാല് മൃതശരീരങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ വയനാട് ജില്ലയിലെ വിവിധ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ ആണ് തീരുമാനം.
ചാലിയാറില്‍ നിന്നും 176 മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയത്. ചാലിയാറില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്ടര്‍ ഉപയോഗിച്ച് ഇന്നും പരിശോധന നടത്തി.ഇതിനിടെ മുണ്ടക്കൈയിലെ പടവെട്ടിക്കുന്നില്‍ നിന്നും നാലുപേരെ സൈന്യം രക്ഷിച്ചു. രണ്ട് പുരുഷന്‍മാരേയും രണ്ട് സ്ത്രീകളേയും ആണ് രക്ഷപെടുത്തിയത്. ഉരുള്‍പൊട്ടിയൊഴുകിയിന്റെ വലതുഭാഗത്തുള്ള ഹോംസ്‌റ്റേയില്‍ നിന്നാണ് നാല് പേരെ രക്ഷപെടുത്തിയത്.
ഇന്ന് മുപ്പത് പേര്‍ അടങ്ങുന്ന ആറ് സംഘങ്ങള്‍ ആണ് മുണ്ടക്കൈ ചൂരല്‍മല മേഖലയില്‍ തെരച്ചില്‍ നടത്തുന്നത്. ദുരന്തത്തില്‍ ആകെ 206 പേരെ കാണാതായി എന്നാണ് കണക്ക്. ഇതില്‍ നാല്‍പ്പത്തിയൊന്‍പത് പേര്‍ കുട്ടികളാണ്. കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി.