വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണം 387-ആയി ഉയര്‍ന്നു.ഇനി 200 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. കാണാതാവരുടെ പട്ടിക തയ്യാറാക്കി വരികയാണെന്ന് റെവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു. ദുരന്തഭൂമിയിലും ചാലിയാറിലും ഇന്നും തെരച്ചില്‍ തുടരുകയാണ്.
ഡ്രോണുകള്‍ അടക്കം ഉപയോഗിച്ച് ഏഴാം ദിനവും ദുരന്തഭൂമിയില്‍ തെരച്ചില്‍ തുടരുകയാണ്. പ്രത്യേകപരിശീലനം ലഭിച്ച നായ്ക്കളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നും ദുരന്തഭൂമിയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചൂരല്‍മല വില്ലേജ് റോഡില്‍ നിന്ന് ആണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 12 സോണുകളിലായി അന്‍പത് പേര്‍ വീതമുള്ള സംഘങ്ങളാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്.ചാലിയാര്‍ പുഴയിലും തീരപ്രദേശങ്ങളിലും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആണ് തെരച്ചില്‍.
മുപ്പത്തിയൊന്ന് മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും പുത്തുമലയില്‍ ഇന്ന് സംസ്‌കരിക്കും. പുത്തുമലയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത അറുപത്തിനാല് സെന്റ് സ്ഥലത്ത് ആണ് സംസ്‌കാരം. തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം.ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.